ചെന്നൈ: തെരഞ്ഞടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപനത്തിന്‍റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സംബന്ധിച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയുടെയും ജസ്റ്റിസ് സെന്തിൽ കുമാറിന്‍റെയും ബെഞ്ചാണ് കമ്മിഷനെ വിമര്‍ശിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്മിഷന്‍റെ പെരുമാറ്റം നിരുത്തരവാദപരമാണ്, മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ ശരിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ കമ്മിഷനെതിരെ കൊലപാതകകുറ്റം സ്വീകരിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വോട്ടെണ്ണൽ ദിവസങ്ങളിൽ കൃത്യമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ശരിയായ ശുചിത്വ നടപടിക്രമങ്ങൾ പാലിക്കണമെന്നും ബെഞ്ച് കമ്മിഷൻ നിര്‍ദേശിച്ചു. മെയ് രണ്ടിനാണ് 234 നിയമസഭാ സീറ്റുകളുടെ വോട്ടെണ്ണല്‍ നടക്കുന്നത്.