കേന്ദ്ര സേനക്കെതിരായ പരാമർശത്തെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 24 മണിക്കൂർ നേരത്തേക്കാണ് വിലക്കിയത്. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാത്രി എട്ട് വരെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. മമതയുടെ പ്രസ്താവന പ്രകോപനപരമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.
ബംഗാളിലെ കൂച്ച്ബഹാറിൽ വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവർ വെടിയുണ്ട വർഷിക്കുകയായിരുന്നുവെന്നും മമത വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതാണ് വിവാദമായത്. മാതൃക പെരുമാറ്റച്ചട്ടമെന്നത് മോദീപെരുമാറ്റച്ചട്ടം എന്നാക്കാൻ സമയമായിരിക്കുന്നുവെന്നും മമത വിമർശിച്ചിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയ്ക്കെതിരെ കൊൽക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കുമെന്ന് മമത ബാനർജി പറഞ്ഞു. എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. നാല് ഘട്ടം പൂര്‍ത്തിയായി.