ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികൾക്കും റോഡ് ഷോകൾക്കും ഏർപ്പെടുത്തിയ നിരോധനം ജനുവരി 31 വരെ നീട്ടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. വീടു തോറുമുള്ള പ്രചാരണത്തിന് അംഗപരിധി അഞ്ച് എന്നതിൽ നിന്ന് പത്ത് ആയി ഉയർത്താനുള്ള തീരുമാനവും കമ്മിഷൻ പ്രഖ്യാപിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ച പ്രകാരം തുറന്ന സ്ഥലങ്ങളിൽ പരമാവധി 500 കാണികളെ ഉൾപ്പെടുത്തി കൊവിഡ് നിയന്ത്രണങ്ങളോടെ വാനുകളിൽ പരസ്യ പ്രചാരണം നടത്തുന്നതിനും കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും നേരിട്ടുള്ള പൊതുയോഗങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായി നൽകിയ അനുമതിയിൽ, ആദ്യഘട്ടത്തിൽ ജനുവരി 28 മുതലും രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി ഒന്നുമുതലും പൊതുയോഗങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
ALSO READ:മത്സരിക്കാൻ സീറ്റില്ല; ഉത്തർപ്രദേശില്‍ പൊട്ടിക്കരഞ്ഞ് കോൺഗ്രസ് വനിത നേതാവ്: video
കേന്ദ്ര ആരോഗ്യ സെക്രട്ടറിയും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാരുമായും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വെർച്വൽ മീറ്റിങിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമായത്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി പത്തിനും മാർച്ച് ഏഴിനുമിടയിലാണ് തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.