ന്യൂഡൽഹി: പൊതു സമ്മേളനങ്ങളിലും റാലികളിലും രാഷ്‌ട്രീയ പാർട്ടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ദേശിയ- സംസ്ഥാന രാഷ്‌ട്രീയ പാർട്ടികൾക്ക് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തെഴുതി. പൊതു സമ്മേളനങ്ങളിൽ അടക്കം നേതാക്കൾ മാസ്‌ക്ക് ധരിക്കാത്തതിലും കൊവിഡ് മാനദണ്ഡങ്ങളിൽ വരുത്തുന്ന അവഗണനയിലും കമ്മിഷൻ ആശങ്ക അറിയിച്ചു.
രാഷ്‌ട്രീയ പാർട്ടികൾ, നേതാക്കൾ, സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ കൊവിഡിനെതിരെയുള്ള പ്രവർത്തനത്തിന് മുന്നിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനങ്ങൾക്ക് മാതൃകയാകുന്നതിനൊപ്പം ജനങ്ങൾ ഇത് പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർഗ നിർദേശങ്ങൾ ലംഘിക്കുന്ന പക്ഷം പാർട്ടികളെയും നേതാക്കളെയും ഉൾപ്പെടെ നിരോധിക്കുന്നതിന് ഒരു മാനദണ്ഡവും തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നാണ് പശ്ചിമ ബംഗാളിൽ 44 മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 17ന് അഞ്ചാം ഘട്ടവും ഏപ്രിൽ 26ന് ഏഴാം ഘട്ടവും അവസാന ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29നും നടക്കും.