മേൻപുരി (ഉത്തർപ്രദേശ്) : 45 രൂപ മോഷ്‌ടിച്ച കേസിൽ പ്രതിക്ക് 4 ദിവസം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ മേൻപുരിയിലാണ് സംഭവം. 24 വർഷത്തിനിപ്പുറമാണ് മേൻപുരി മജിസ്‌ട്രേറ്റ് കോടതി കേസിൽ ശിക്ഷ പ്രസ്‌താവിച്ചത്.
1998ലാണ് കേസിനാസ്‌പദമായ സംഭവം. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി മന്നാനെയാണ് കോടതി ശിക്ഷിച്ചത്. 1998 ഏപ്രിൽ 17ന് തന്‍റെ പോക്കറ്റിലുണ്ടായിരുന്ന 45 രൂപ മോഷ്‌ടിച്ചുവെന്നാരോപിച്ച് ബാഥം സ്വദേശി വീരേന്ദ്രയാണ് മന്നാനെതിരെ പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും പണം കണ്ടെടുത്തു. തുടർന്ന് ഏപ്രിൽ 18ന് ഇയാളെ റിമാൻഡ് ചെയ്‌തു. രണ്ട് മാസവും 21 ദിവസവും റിമാൻഡിൽ കിടന്നശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തുടർനടപടികൾക്കായി പിന്നീട് കോടതിയിൽ ഹാജരായില്ല.
കേസ് അന്വേഷണം പൂർത്തിയാക്കിയ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതി നിരവധി തവണയാണ് ഹാജരാകാൻ പ്രതിക്ക് നോട്ടിസ് അയച്ചത്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സമൻസ്, വാറണ്ട്, സ്വത്ത് കണ്ടുകെട്ടൽ തുടങ്ങിയ നടപടികളിലേക്ക് വരെ കടക്കുമെന്ന് കാണിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ 2022 സെപ്‌റ്റംബർ 27 തന്‍റെ മേലുള്ള അറസ്‌റ്റ് വാറണ്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയിൽ ഹർജി സമർപ്പിക്കുകയും മോഷണക്കേസിൽ കുറ്റസമ്മതം നടത്തുകയും ചെയ്‌തു. തുടർന്നാണ് കോടതി ഇയാൾക്ക് നാല് ദിവസത്തെ തടവ് ശിക്ഷ വിധിച്ചത്.