താനെ: കാലിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു. മഹാരാഷ്‌ട്ര താനെയിലെ കല്യാൺ-തിത്‌വാല ലോക്കൽ ട്രെയിനിലെ ലഗേജ് കമ്പാർട്ട്‌മെന്‍റില്‍ ഇന്നലെയാണ് സംഭവം. തിരക്കിനിടെ പിതാവിന്‍റെ കാലില്‍ ചവിട്ടിയതിന് സിന്ദ് സ്വദേശി സുനിൽ യാദവ് (50) ആണ് 65 കാരനായ ബബൻ ഹന്ദേ ദേശ്‌മുഖിനെ കൊലപ്പെടുത്തിയത്.
അംബിവലി റെയിൽവേ സ്‌റ്റേഷന് സമീപമുള്ള അത്താലി ഗ്രാമ നിവാസിയാണ് കൊല്ലപ്പെട്ട ബബൻ ഹന്ദേ ദേശ്‌മുഖ്. റേഷന്‍ കാര്‍ഡിലെ പേരിലുള്ള തിരുത്തലുകള്‍ക്കായി ഇന്നലെ കാലത്ത് കല്യാണ്‍ വെസ്‌റ്റിലെ റേഷന്‍ ഓഫിസിലേക്ക് തിരിച്ചതായിരുന്നു. ഇതിന് ശേഷം അംബിവാലിയിലേക്ക് മടങ്ങാന്‍ ബബൻ ഹന്ദേ ദേശ്‌മുഖ് കല്യാണ്‍ റയില്‍വേ സ്‌റ്റേഷനിലെത്തി. ഈ സമയത്ത് പ്രതി സുനിൽ യാദവും പിതാവും ലോക്കല്‍ ലഗേജ് കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര ചെയ്യുകയായിരുന്നു. സിഎസ്‌ടിയിൽ നിന്ന് തിത്‌വാല റെയിൽവേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു ഇരുവരും.
ട്രെയിന്‍ കല്യാണ്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ബബൻ ഹന്ദേ ദേശ്‌മുഖ് തിടുക്കത്തില്‍ ട്രെയിനില്‍ കയറി. ഈ സമയത്ത് തിരക്കില്‍പെട്ട് ഇദ്ദേഹം സുനില്‍ യാദവിന്‍റെ പിതാവിന്‍റെ കാലില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. ഇതോടെ ബബൻ ഹന്ദേ ദേശ്‌മുഖും സുനില്‍ യാദവും ഇതിനെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ സുനില്‍ യാദവ് ദേശ്‌മുഖിനെ മര്‍ദിക്കുകയും തലയില്‍ ഇടിക്കുകയുമായിരുന്നു. പിന്നീട് കാണുന്നത് ദേശ്‌മുഖ് ചോരയില്‍ കുളിച്ച് കിടക്കുന്നതാണ്.
ഇതോടെ യാത്രക്കാര്‍ ചേര്‍ന്ന് യാദവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ദേശ്‌മുഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ട ദേശ്‌മുഖിന്‍റെ മകന്‍റെ പരാതിയില്‍ സുനില്‍ യാദവിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം കല്യാണ്‍ ലോഹ്‌മാര്‍ഗ് പൊലീസ് കേസെടുക്കുകയായിരുന്നു. കസ്‌റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കല്യാൺ റെയിൽവേ കോടതിയിൽ ഹാജരാക്കിയതായി റെയിൽവേ പൊലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞദിവസമാണ് ബിഹാറിലെ ഖഗാരിയയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്ത സംഭവമുണ്ടാകുന്നത്. നാലുപേരടങ്ങിയ അക്രമിസംഘം മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെയാണ് 17 കാരനായ നയന്‍ കുമാറിനുനേരെ വെടിയേറ്റത്. ബഖ്‌രി സലോനയ്‌ക്കും ഇമ്‌ലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും ഇടയിലായിരുന്നു ഈ അക്രമ സംഭവം.
ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവില്‍ നിന്ന് ഫോണ്‍ അക്രമികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനോട് വിട്ടുനല്‍കാതെ പ്രതിരോധിച്ച് നിലയുറപ്പിച്ച നയന്‍കുമാറിന് നേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ട്രെയിനില്‍ വെടിയൊച്ച കേട്ടതോടെ മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ സംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിനിലെ മറ്റ് യാത്രക്കാര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം മൊബൈല്‍ തട്ടിപ്പറിക്കുന്നത് പ്രതിരോധിച്ചതോടെയാണ് തനിക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ക്കാനുണ്ടായ കാരണമെന്നും വെടിയേറ്റ യുവാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലുള്ള അക്രമിസംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്. അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ ആരെല്ലാമാണെന്നും അവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്നുമുള്‍പ്പടെ കണ്ടെത്തുന്നതിനായി റെയില്‍വേ പൊലീസും സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.