ന്യൂഡല്‍ഹി : മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ ഭാവി തുലാസിലാക്കിയ വിമത നീക്കത്തിന് പിന്നാലെ നിയമപോരാട്ടത്തിനൊരുങ്ങി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍. തങ്ങളെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കത്തിന് തടയിടാനാണ് ഇവര്‍ കോടതി കയറുന്നത്.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബഞ്ചാകും ഹർജി പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, വിമത എം എൽ എമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണര്‍ ഡിജിപിക്കും മുംബൈ പൊലീസ് കമ്മിഷണർക്കും കത്തയച്ചു. ഇതോടെ നേതാക്കളുടെ വീടിനും കുടുംബത്തിനും കേന്ദ്രസേന സുരക്ഷയൊരുക്കും.
അതിനിടെ വിമതരെ പിളർത്താൻ ഉദ്ധവ് താക്കറെ പക്ഷം നീക്കം തുടരുകയാണ്. അതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ സഹായത്തോടെയുള്ള ഷിന്‍ഡെ പക്ഷത്തിന്‍റെ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്.
കൂറുമാറ്റ ചട്ടത്തിനെതിരെ ഷിന്‍ഡെ : ഷിൻഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാനേതാവായി നിയമിച്ചതിനെ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. നിയമസഭയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. മറുഭാഗം എംഎൽഎമാരെ അയോഗ്യരാക്കണന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കർക്ക് നിർദേശം നൽകണമെന്നും ഷിന്‍ഡേ കോടതിയില്‍ ആവശ്യപ്പെട്ടു.
അജയ് ചൗധരിയെ ശിവസേന നിയമസഭാകക്ഷി നേതാവായി നിയമിച്ചത് ഡെപ്യൂട്ടി സ്പീക്കർ അംഗീകരിച്ചിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഷിന്‍ഡെയുടെ വാദം. ഈ കത്തും തീരുമാനവും സ്റ്റേ ചെയ്യണമെന്ന് ഷിന്‍ഡെ കോടതിയില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല ഹര്‍ജിക്കാരനും കൂടെയുള്ളവര്‍ക്കും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
ഗുവാഹത്തിയിലെ ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി ഉദ്ധവ് പക്ഷം സമ്പർക്കം പുലർത്തുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും ശിവസേനയുടെ വാതിലുകൾ ആര്‍ക്ക് മുമ്പിലും അടഞ്ഞിട്ടില്ലെന്നും മന്ത്രിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ പറഞ്ഞു.
ഇതിനിടെ താക്കറെക്ക് ഒപ്പമുള്ള ഒൻപതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ ബാക്കിയുള്ള മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി.
അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു. അതിനിടെ 15 വിമത എംഎൽമാർക്ക് വൈ പ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.
നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്ന് ഏകനാഥ് ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകി.