ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം. വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏഴ് ചാനലുകള്‍ ഇന്ത്യയിലും ഒരെണ്ണം പാകിസ്ഥാനില്‍ നിന്നും പ്രവർത്തിക്കുന്നതുമാണ്. രാജ്യ സുരക്ഷ, വിദേശ ബന്ധം, ക്രമ സമാധാനം തുടങ്ങിയവയെ കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
114 കോടിയിലേറെ വ്യൂവേഴ്‌സും 85.73 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുള്ള ചാനലുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഐടി നിയമ പ്രകാരമാണ് വിലക്ക്. രാജ്യത്ത് മതപരമായ അസ്വാരസ്യങ്ങള്‍ സൃഷ്‌ടിക്കാനും ക്രമ സമാധാനം തകർക്കാനും ഈ യൂട്യൂബ് ചാനലുകളിലെ കണ്ടന്‍റുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
വിലക്ക് ഏര്‍പ്പെടുത്തിയ യൂട്യൂബ് ചാനലുകളുടെ കണ്ടന്‍റുകളില്‍ കേന്ദ്ര സർക്കാർ മതപരമായ കെട്ടിടങ്ങള്‍ തകർത്തു, മതപരമായ ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി, രാജ്യത്ത് മതത്തിന്‍റെ പേരില്‍ യുദ്ധം പ്രഖ്യാപിച്ചു തുടങ്ങി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായാണ് കണ്ടെത്തല്‍. സായുധ സേന, ജമ്മു കശ്‌മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നു. ദേശീയ സുരക്ഷയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധം സംബന്ധിച്ചും ചാനലുകളിലെ കണ്ടന്‍റുകള്‍ വ്യാജവും സെൻസിറ്റീവുമാണെന്നും കേന്ദ്രമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിൽ പറയുന്നു.
Also read: രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍