ഛത്തർപൂർ : മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരിക്ക് ഗുരുതര പരിക്ക്. മധ്യപ്രദേശ് ഛത്തർപൂർ സ്വദേശിയായ ചിന്തു എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കണ്ണിനും മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി ഗ്വാളിയോറിലെ ഛത്തർപൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ കേടായ മൊബൈൽ ബാറ്ററി ഉപയോഗിച്ച് കളിക്കുകയായിരുന്ന കുട്ടി ബാറ്ററിയിലേക്ക് നേരിട്ട് ഇലക്‌ട്രിക് വയർ ഘടിപ്പിക്കുകയായിരുന്നു. ഇതോടെ ബാറ്ററി ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. ശബ്‌ദം കേട്ട് എത്തിയ വീട്ടുകാർ രക്തം വാർന്ന് വേദന കൊണ്ട് പുളയുന്ന കുട്ടിയെയാണ് കണ്ടത്. പിന്നാലെ ഇവർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഛത്തർപൂരിൽ നേരത്തെയും ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം ബാറ്ററി പോലുള്ള സ്‌ഫോടന ശേഷിയുള്ള വസ്‌തുക്കൾ കുട്ടികൾക്ക് കളിക്കാൻ നൽകരുതെന്നും ഇവ വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും ഡോക്‌ടർമാർ അറിയിച്ചു.