ന്യൂഡൽഹി: ഡൽഹിയിൽ എട്ട് വയസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്‌തു. വടക്ക് കിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്‌മാൻപൂർ പ്രദേശത്താണ് സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തന്ത്രപൂർവം വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി 10,12 വയസ് പ്രായമുള്ള പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് പെണ്‍കുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം അമ്മയോട് പീഡന വിവരം പറഞ്ഞു. പിന്നാലെ മാതാവ് കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകി. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മീഷൻ ഇരയെ കൗൺസിലിങ് ചെയ്യുകയും വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ALSO READ: ബിഹാറിൽ അമ്മ മൂന്ന് മക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ശേഷം ഐസിയുവിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ്‍കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് പിടികൂടി. ഇവർക്കെതിരെ ഐപിസി സെക്ഷൻ 363, 376 എബി, പോസ്‌കോ ആക്‌ട് എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.