ഹൈദരാബാദ്: തൊട്ടിലില്‍ കഴുത്ത് മുറുകിയതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമുള്ള കുട്ടി ശ്വാസ തടസം മൂലം മരിച്ചു. തെലങ്കാനയിലെ സിര്‍സില ജില്ലയില്‍ മുസ്‌താഫര്‍ നഗറിലാണ് സംഭവം. മരണപ്പെട്ട എട്ട് മാസം പ്രായമുള്ള കുട്ടി ബന്ദി ദിലീപ്, കല്യാണി ദമ്പതികളുടെ മകളാണ്.
ഇരുവരും തഹസില്‍ദാര്‍ ഓഫിസില്‍ വിആര്‍എ ആയി ജോലി ചെയ്‌തുവരികയായിരുന്നു. മരണപ്പെട്ട എട്ട് മാസം പ്രായമുള്ള കുട്ടിയെ കൂടാതെ ഇരുവര്‍ക്കും മൂന്ന് വയസ് പ്രായമുള്ള ആണ്‍കുട്ടിയുമുണ്ട്. ചൊവ്വാഴ്‌ച(30.08.2022) പുലര്‍ച്ചെ കുട്ടിയെ നയ്‌ലോണ്‍ കൊണ്ട് നിര്‍മിച്ച തൊട്ടിലില്‍ കിടത്തി തുണി കഴുകാന്‍ പോയതായിരുന്നു കല്യാണി. ഈ സമയം കുട്ടിയുടെ അച്ഛന്‍ ഉറങ്ങുകയായിരുന്നു.
ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ കുട്ടി അനങ്ങാന്‍ തുടങ്ങിയപ്പോള്‍ തൊട്ടില്‍ കറങ്ങുകയും നയ്‌ലോണ്‍ നിര്‍മിതമായ കയര്‍ കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി മരണപ്പെടുകയായിരുന്നു. തുണി കഴുകിയതിന് ശേഷം തിരിച്ചു വന്ന കല്യാണി കുട്ടിയെ ശ്രദ്ധിച്ചപ്പോള്‍ അനക്കമില്ലാതിരുന്നതിനാല്‍ കുട്ടി ഉറങ്ങി കാണുമെന്നാണ് കരുതിയത്.
കുറെ നേരത്തേക്ക് അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്ത് വന്നത്. സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന എസ്‌ഐ മഹേഷ് പറഞ്ഞു.
കുട്ടികളുടെ ചലനങ്ങള്‍ നിരീക്ഷിക്കുക: കൊച്ചുകുട്ടികളുടെ ചലനങ്ങള്‍ മാതാപിതാക്കൾ എപ്പോഴും നിരീക്ഷിക്കണം. ശരിയായ വായുസഞ്ചാരവും വെളിച്ചവും കടന്നുവരാന്‍ തൊട്ടില്‍ വീതിയേറിയ വടികളുപയോഗിച്ച് നിര്‍മിക്കണം. വടികളും തലയണയും കുട്ടികളുടെ മുഖത്തേക്ക് വീഴാത്ത രീതിയില്‍ സജ്ജീകരിക്കണം. അപ്രതീക്ഷിതമായി കുട്ടികള്‍ ശ്വാസ തടസം മൂലം മരിക്കുന്നതിനെ ആസ്‌ഫൈസിയ എന്ന് വിളിക്കുമെന്ന് ശിശുരോഗ വിദഗ്‌ധനും സിർസില്ല ജില്ല ആശുപത്രിയുടെ സൂപ്രണ്ടുമായ മുരളീധർ റാവു പറഞ്ഞു.
സ്വീകരിക്കേണ്ട ജാഗ്രത: നയ്‌ലോണ്‍ കൊണ്ട് നിര്‍മിച്ച ഊഞ്ഞാലുകള്‍ ഉപയോഗിക്കാതിരിക്കുക. ഊഞ്ഞാലില്‍ കറങ്ങുമ്പോള്‍ കുട്ടികളുടെ കൈകളും കാലുകളും കഴുത്തും കുരുങ്ങാന്‍ സാധ്യതയുണ്ട്. കൂടാതെ കനം കുറഞ്ഞ തുണിയാല്‍ നിര്‍മിച്ച തൊട്ടിലും കുട്ടികള്‍ക്ക് വേഗത്തില്‍ ശ്വാസ തടസം അനുഭവപ്പെടാന്‍ കാരണമാകുന്നു.