റായിപൂര്‍: ഛത്തീസ്‌ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ ട്രാക്‌ടറുകള്‍ കത്തിച്ച മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ഹംഗ കവാസി (45), വാമൻ പോയം (42), സുഖ്‌റാം പൊയാമി (36), ഫഗ്‌നു മദ്‌വി (18), സീതോ റാം മദ്‌വി (26), തുളസി രാം മദ്‌വി (26), ബദ്രു മദ്‌വി, ചന്ദ്രു കുഹ്‌റാമി (52) എന്നിവരാണ് അറസ്റ്റിലായത്. മംഗപെന്റയ്ക്കും ബർഗപാരയ്ക്കും ഇടയില്‍ രണ്ട് ട്രാക്‌ടറുകള്‍ക്കാണ് സംഘം തീയിട്ടത്.
ഞായറാഴ്‌ച വൈകീട്ട് കുട്രു പൊലിസ് സ്റ്റേഷന്‍ പരിധിയിലെ എരമാങ്കി ഗ്രാമത്തില്‍ നിന്നാണ് സംഘത്തെ പൊലിസ് പിടികൂടിയത്. ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ബീജാപൂർ-ദന്തേവാഡ അതിർത്തിയിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ കീഴിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ട്രാക്‌ടറുകളാണ് കത്തിച്ചത്.
തുടര്‍ന്ന് അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴിലാളികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും മുന്നറിയിപ്പ് നല്‍കി. അറസ്റ്റിലായ പ്രതികളെ ദന്തേവാഡ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ അറസ്റ്റിലായ മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി പ്രതികളെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടു പോയതാണെന്ന് ആരോപിച്ചു.
ഇവര്‍ മാവോയിസ്റ്റുകളല്ലെന്നും വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
also read: ആന്ധ്രാപ്രദേശില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്