ന്യൂഡൽഹി: ഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ഓക്‌സിജന്‍ ദൗർലഭ്യം മൂലം എട്ട് കോവിഡ് രോഗികൾ മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന ആറ് രോഗികളും വാർഡിൽ ചികിത്സയിലായിരുന്ന രണ്ടുപേരുമാണ് മരിച്ചത്.
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ബാധിച്ചത് മുതൽ സർക്കാരിൽ നിന്ന് ഓക്‌സിജന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ബാത്ര ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. എസ്‌സിഎൽ ഗുപ്ത പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഓക്സിജൻ സ്റ്റോക്കിനെക്കുറിച്ച് അവർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നുമുണ്ട്. ഓക്‌സിജന്‍ വിതരണക്കാരായ ഐനോക്സും ഗോയലുമാണ് ആശുപത്രിയിൽ ഓക്‌സിജൻ നൽകുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും കോൾ എടുക്കുന്നില്ലെന്നും കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും രോഗികളെ രക്ഷിക്കാൻ സാധിച്ചില്ലെന്നും ഡോ. എസ്‌സിഎൽ ഗുപ്ത പറഞ്ഞു.
കൂടുതൽ വായനക്ക്: കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ഡൽഹിക്ക് അർഹതപ്പെട്ട ഓക്‌സിജൻ നൽകിയിരുന്നെങ്കിൽ എട്ട് രോഗികളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഈ വാർത്ത വളരെ വേദനാജനകമാണ്. ഡൽഹിക്ക് ഓക്‌സിജൻ നൽകണം. സ്വന്തം ആളുകളുടെ മരണം ഇനിയും കാണാൻ കഴിയില്ല. 976 ടൺ ഓക്‌സിജൻ ആവശ്യമാണെങ്കിലും 312 ടൺ മാത്രമാണ് ഇന്നലെ നൽകിയത്. ഇത്രയും കുറഞ്ഞ ഓക്സിജനിൽ സംസ്ഥാനം എങ്ങനെ ശ്വസിക്കുമെന്നും കെജ്‌രിവാൾ ചോദിച്ചു.
ALSO READ: രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം ഡോസ് സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി
കൊവിഡ് കേസുകളുടെ വർധന മൂലം ദേശീയ തലസ്ഥാനത്തെ ആശുപത്രികളിൽ വലിയ തോതിലാണ് ഓക്‌സിജന്‍റെ അഭാവം നേരിടുന്നത്. ഡൽഹിയിൽ 375 കൊവിഡ് മരണങ്ങളും 27,000 പുതിയ കേസുകളും വെള്ളിയാഴ്‌ച രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ ഒൻപതാം ദിവസമാണ് ഡൽഹിയിൽ പ്രതിദിനം 300 ലധികം പേരുടെ മരണം രേഖപ്പെടുത്തുന്നത്.