ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യവിട്ട പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 18,170.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്ര സർക്കാരിനും കൈമാറി. വായ്പാത്തട്ടിപ്പ് നടത്തിയത് മൂലം ബാങ്കുകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. കണ്ടുകെട്ടിയ 18,170.02 കോടിയിൽ 969 കോടിയുടെ സ്വത്തും വിദേശ രാജ്യങ്ങളിലാണ്.
പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് ഇവര്‍. നിലവിൽ വിദേശരാജ്യങ്ങളിൽ ഉള്ള മൂവരെയും തിരിച്ച് ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Also Read: മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിലെ സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി
9,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന നീരവിനെതിരെ ഇന്ത്യയിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ട്. വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി മെയ് 26ന് ഡൊമിനിക്ക പൊലീസിന്‍റെ പിടിയിലായിരുന്നു.