ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിതയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) തിങ്കളാഴ്ച 10 മണിക്കൂറിലധികം ചോദ്യം ചെയ്തു. കേസില്‍ രണ്ടാംഘട്ട ചോദ്യംചെയ്യലിനായി തിങ്കളാഴ്‌ച രാവിലെ 10.30 ഓടെ (20.03.23) സെന്‍ട്രല്‍ ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തിയ കെ.കവിതയുടെ മൊഴി രേഖപ്പെടുത്തല്‍ 11 മണിയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് 10 മണിക്കൂര്‍ കഴിഞ്ഞ് രാത്രി 9.15 ഓടെയാണ് അവര്‍ ഇ.ഡി ഓഫിസില്‍ നിന്ന് മടങ്ങിയത്.
അതേസമയം കവിതയെ ചോദ്യം ചെയ്യലിനായി മാര്‍ച്ച് 21 നും വിളിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 11നും കെ.കവിതയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അവര്‍ മടങ്ങിയത്.
പിന്നീട് രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മാര്‍ച്ച് 16 ന് സമയന്‍സ് അയച്ചിരുന്നുവെങ്കിലും കവിത ഹാജരായിരുന്നില്ല. കേസില്‍ ഇ.ഡി നടപടിക്കെതിരെ കവിത സുപ്രീം കോടതി സമീപിച്ച് സാവകാശം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കവിതയുടെ വാദത്തെ കോടതിയില്‍ എതിര്‍ത്ത ഇ.ഡി ഇവരോട് മാര്‍ച്ച് 20 ന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കേസില്‍ സാവകാശം ആവശ്യപ്പെട്ടുകൊണ്ട് കവിത സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 24 ന് സുപ്രീം കോടതി പരിഗണിക്കും. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും തെലങ്കാനയിലേക്ക് പിന്‍വാതിലിലൂടെ കടന്നുകയറാനുള്ള ബിജെപി ശ്രമം നടക്കാതായതിനാല്‍ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും കെ.കവിത കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ കെ.കവിതയ്‌ക്ക് പങ്കില്ലെന്ന് പിതാവും തെലങ്കാന മുഖ്യമന്ത്രി കെസിആറും പറയാതെ പറഞ്ഞിരുന്നു.
കേസില്‍ കവിതയുടെ പങ്ക് ബിജെപി കെട്ടി ചമച്ചതാണെന്നായിരുന്നു കെസിആറിന്‍റെ പ്രതികരണം. സംഭവത്തില്‍ ബിജെപിയോട് ഏതറ്റം വരെയും പൊരുതുമെന്നും കെസിആര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജന്‍സി ബിജെപിയുമായി കൈകോര്‍ത്തിരിക്കുകയാണെന്നായിരുന്നു കവിതയുടെ ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷമുള്ള ബിആര്‍എസിന്‍റെ ഔദ്യോഗിക പ്രതികരണം.