മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്. ദേശ്‌മുഖിനെ രാജ്യം വിടുന്നതിൽ നിന്ന് വിലക്കുന്നതാണ് നോട്ടിസ്. ദേശ്‌മുഖ് രാജ്യം വിടാൻ ശ്രമിച്ചാൽ എയർപോർട്ടുകൾ, തുറമുഖങ്ങൾ റോഡ് അതിർത്തികൾ എന്നിവിടങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ തടയാം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട് ഇഡി ഇതുവരെ പുറപ്പെടുവിച്ച സമന്‍സുകളൊന്നും ദേശ്‌മുഖ് കൈപ്പറ്റിയിരുന്നില്ല.
Also Read: മറയൂര്‍ സര്‍ക്കാര്‍ സ്കൂള്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി
ബാറുകളിൽ നിന്നും റസ്റ്റോറന്‍റുകളിൽ നിന്നും 100 കോടി രൂപ പിരിച്ചെടുക്കാൻ, പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരോട് ദേശ്‌മുഖ് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മാർച്ച് 25നാണ് മുൻ മുംബൈ കമ്മിഷണർ പരംബീർ സിങ് സിബിഐ അന്വേഷണത്തിനായി പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ദേശ്‌മുഖ് നടത്തിയ അഴിമതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് പരാതി നൽകിയതിനെ തുടർന്നാണ് തന്നെ മുംബൈ കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും സിങ് ആരോപിച്ചിരുന്നു.
വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും സിങ്ങിനോട് ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. ഇതേതുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിങ്ങ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്.