ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16നും മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ 27നുമാണ് വോട്ടെടുപ്പ്. ഇന്ന് ഉച്ചയ്ക്ക് 2.30ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം.
മാര്‍ച്ച് രണ്ടിനാണ് മൂന്നിടത്തും വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കഴിഞ്ഞ ആഴ്‌ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെയും അരുൺ ഗോയലും മൂന്ന് സംസ്ഥാനങ്ങളും സന്ദർശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്‌തിരുന്നു. പിന്നാലെയാണ് ഇന്ന് തിയതി പ്രഖ്യാപിച്ചത്.
മൂന്നിടത്തെ കക്ഷിനില, ആകെ വോട്ടര്‍മാര്‍: ഫെബ്രുവരി 16ന് നടക്കുന്ന ത്രിപുര തെരഞ്ഞെടുപ്പില്‍, ആകെ 60 സീറ്റുകളുള്ള നിയമസഭയില്‍ 28,13,478 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ബിജെപി - 33, ഐപിഎഫ്‌ടി (Indigenous People's Front of Tripura) - നാല്, സിപിഎം - 15, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കോൺഗ്രസിനൊപ്പം ചേർന്നാണ് ഇത്തവണ ത്രിപുരയില്‍ സിപിഎം മത്സരിക്കുന്നത്.
ആകെ 60 അംഗങ്ങളുള്ള മേഘാലയ നിയമസഭയില്‍ എന്‍പിപി -20, യുഡിപി - എട്ട്, എഐടിസി - എട്ട് , പിഡിഎഫ് -രണ്ട്, എന്‍സിപി - ഒന്ന്, സ്വതന്ത്രന്‍ - ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇതില്‍ 18 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാര്‍ 21 ലക്ഷമാണ്.
ആകെ 13,09,651 പേരുള്ള നാഗാലാന്‍ഡ് സംസ്ഥാന നിയമസഭയില്‍ ആകെ 60 സീറ്റാണുള്ളത്. അതില്‍ എന്‍ഡിപിപി - 41, ബിജെപി -12 , എന്‍പിഎഫ് - നാല്, സ്വതന്ത്രര്‍ - രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഒരു ഒഴിവാണ് നിലവിലുള്ളത്. എന്‍ഡിപിപി - ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.