ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് ശക്തമായതിനെത്തുടർന്ന് മെയ് 24നും 29നുമിടയിലെ 25 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് ഈസ്റ്റേൺ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പങ്കുവച്ചു.
അതേസമയം, ശനിയാഴ്ച കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഞായറാഴ്ചയോടെ ശക്തിപ്രാപിച്ചു. തിങ്കളാഴ്ച രാവിലെയോടെ ഇത് യാസ് ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മോഹൻപാത്ര അറിയിച്ചു.
Also Read: യാസ് ചുഴലിക്കാറ്റ് : തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി
മെയ് 26ഓടെ യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ തീരങ്ങൾ തൊടും. മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് 185 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കാനിടയുള്ള വേഗമാണിതെന്ന് മോഹൻപാത്ര പറഞ്ഞു.
Also Read: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മെയ് 24ഓടെ യാസ് ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്
യാസ് ചുഴലിക്കാറ്റ് നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) പ്രതിനിധികളും ടെലികോം, പവർ, സിവിൽ ഏവിയേഷൻ, എർത്ത് സയൻസസ് മിനിസ്ട്രീസ് സെക്രട്ടറിമാരും അവലോകന യോഗത്തില്‍ പങ്കെടുത്തു.