ചെന്നൈ: കൊവിഡ് വ്യാപനത്തില്‍ നേരിയ ശമനം റിപ്പോര്‍ട്ട് ചെയ്യുന്ന തമിഴ്‌നാട്ടില്‍ ഇളവുകളോടെ ലോക്ക്‌ഡൗണ്‍ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. കൊവിഡ് പോസിറ്റിവ് നിരക്ക് കുറഞ്ഞ 27 ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന ഉടമസ്ഥതയിലുള്ള മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായി. നിലവിലുള്ള ഇളവുകള്‍ക്ക് പുറമേ ബ്യൂട്ടി പാര്‍ലറുകള്‍, സലൂണുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആരോഗ്യ വിദഗ്‌ധരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്നാണ് മൂന്നാഴ്‌ചയായി തുടരുന്ന ലോക്ക്‌ഡൗണ്‍ ഇളവുകളോടെ നീട്ടാന്‍ തീരുമാനമായത്. ജൂണ്‍ 14 മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, കരൂർ, തഞ്ചാവൂർ, നാഗപട്ടണം, മയിലദുതുരൈ എന്നി ജില്ലകളില്‍ ഇളവുകള്‍ ബാധകമല്ല. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
മദ്യശാലകള്‍ 10മുതല്‍ 5വരെ
രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മദ്യശാലകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന ശ്രോതസായ മദ്യക്കടകള്‍ തുറക്കുന്നത് കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. ഇതിന് പുറമേ, അനധികൃത ചാരായ വാറ്റും മദ്യക്കടത്തും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുമെല്ലാം ഇല്ലാതാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിയ്ക്കുന്നു.
ഇളവുകള്‍ എന്തിനൊക്കെ?
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകൾക്കും സർവകലാശാലകൾക്കും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയ നടത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കയറ്റുമതി, ഉൽപാദന യൂണിറ്റുകള്‍ക്ക് 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം.
Read more: തമിഴ്‌നാട്ടിൽ ജൂൺ 14 വരെ ലോക്ക്ഡൗൺ നീട്ടി
ഇൻഷുറൻസ് സ്ഥാപനങ്ങളും എൻബിഎഫ്‌സിയും ഉൾപ്പെടെയുള്ള മറ്റ് വ്യവസായങ്ങൾക്ക് 33 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുവാദമുണ്ട്. നേരത്തെ നാലുചക്ര വാഹനങ്ങളിലെ യാത്രയ്ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നെങ്കില്‍ പുതിയ ഇളവുകളനുസരിച്ച് ഇ-രജിസ്ട്രേഷനോടുകൂടിയ ഇരുചക്ര വാഹനങ്ങളില്‍ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. സലൂണുകൾക്കും ബ്യൂട്ടി പാർലറുകൾക്കും എയർ കണ്ടീഷനിംഗ് ഇല്ലാതെ 50 ശതമാനം ഉപഭോക്താക്കളുമായി പ്രവർത്തിക്കാം.
Also read: 93കാരന് ഐസിയുവിൽ പിറന്നാൾ; സർപ്രൈസ് ഒരുക്കി ആശുപത്രി അധികൃതർ
ഐടി, ഐടിഇഎസ് സ്ഥാപനങ്ങൾക്ക് 20 ശതമാനം തൊഴിലാളികളുമായോ അല്ലെങ്കിൽ പരമാവധി 10 ജീവനക്കാരുമായോ പ്രവർത്തിക്കാൻ കഴിയും. പാർക്കുകളും കളിസ്ഥലങ്ങളും രാവിലെ 6 മുതൽ 9 വരെ പൊതുജനങ്ങൾക്കായി തുറക്കും. എന്നാല്‍ ചായക്കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.