ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വടക്കൻ ഹിമാലയൻ ബെൽറ്റിൽ റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി സിംഗപ്പൂരിലെ ഏഷ്യൻ സീസ്മോളജിക്കൽ കമ്മിഷൻ. ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സോൺ-5ലാണ് ഉത്തരാഖണ്ഡെന്നും അതിനാൽ തന്നെ ശക്‌തമായ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ശാസ്‌ത്രജ്ഞൻമാർ വ്യക്‌തമാക്കി.
സെൻട്രൽ സീസ്‌മിക് ഗ്യാപ്പ്: സെൻട്രൽ സീസ്‌മിക് ഗ്യാപ്പ് എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. അതിനാൽ തന്നെ ഇവിടെ വലിയ നാശം വിതയ്‌ക്കുന്ന തരത്തിലുള്ള ഭൂകമ്പം ഉണ്ടാകാം എന്നും ശാസ്‌ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 1991 ൽ ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലും ചമോലിയിലും റിക്ടർ സ്‌കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്.
1999 ൽ റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനുശേഷം വലിയ ഭൂചലനമൊന്നും ഉണ്ടായിട്ടില്ല. ഭൂമിയിൽ സംഭരിച്ചിരിക്കുന്ന ഭൂകമ്പ ഊർജ്ജത്തിന്‍റെ 3 മുതൽ 5 ശതമാനം വരെ മാത്രമേ വടക്ക്-പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ പുറത്തുവിടുന്നുള്ളൂ. ഇതിനാലാണ് ഇവിടെ വലിയ ഭൂകമ്പം ഉണ്ടായേക്കുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നത്.
മുന്നറിയിപ്പ് ഗുരുതരം: ഹിമാലയൻ മേഖലയിൽ വളരെക്കാലമായി ചെറിയ ഭൂചലനങ്ങൾ നടക്കുന്നുണ്ടെങ്കിലും വലിയ ഭൂചലനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 1905-ൽ ഹിമാചലിലെ കാൻഗ്രയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിട്ടുണ്ട്. 1934 ജനുവരി 15ന് ബിഹാർ-നേപ്പാൾ അതിർത്തിയിൽ 8.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇതിന് ശേഷം വടക്ക് പടിഞ്ഞാറൻ ഹിമാലയ മേഖലയിൽ വലിയ ഭൂചലനം ഉണ്ടായിട്ടില്ല.
ഈയൊരു സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് മേഖലയിൽ വലിയ ഭൂകമ്പം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഭൂകമ്പം എപ്പോൾ ഉണ്ടാകും എന്നതിൽ കൃത്യതയില്ല. എന്നാൽ ഇവിടെ ഉറപ്പായും വലിയ തോതിലുള്ള ഭൂചലനം ഉണ്ടാകുമെന്ന് ഏഷ്യൻ സീസ്മോളജിക്കൽ കമ്മിഷൻ സിംഗപ്പൂർ ഡയറക്ടർ പരമേഷ് ബാനർജി പറഞ്ഞു.
എന്തുകൊണ്ടാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്: ഹിമാലയത്തിലെ ടെക്റ്റോണിക് പ്ലേറ്റുകളിലെ മാറ്റങ്ങൾ കാരണമാണ് ഇവിടെ ഭൂചലനം സംഭവിക്കുന്നത്. ഹിമാലയത്തിന് കീഴിലുള്ള തുടർച്ചയായ ചലനം കാരണം ഭൂമിയിലെ സമ്മർദ്ദം വർധിക്കുന്നു. ഇതാണ് ഭൂകമ്പമായി രൂപമെടുക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ
തീയതി | തീവ്രത | സ്ഥലം | മരണം |
12 ജൂണ്‍ 1897 | 8.3 | ഷില്ലോങ്, മേഘാലയ | 1500 |
4 ഏപ്രിൽ 1905 | 7.8 | കാംഗ്ര, ഹിമാചൽ | 20000 |
15 ജനുവരി 1934 | 8.5 | ബിഹാർ- നേപ്പാൾ അതിർത്തി | 10000 |
19 ജനുവരി 1975 | 6.8 | ഹിമാചൽ പ്രദേശ് | 47 |
20 ഒക്‌ടോബർ 1991 | 7.0 | ഉത്തരകാശി | 768 |
29 മാർച്ച് 1999 | 6.8 | ചമോലി | 103 |
8 ഒക്‌ടോബർ 2005 | 7.6 | പാക്- കശ്‌മീർ അതിർത്തി | 1 ലക്ഷത്തിൽ അധികം |