ന്യൂഡല്‍ഹി : ഡല്‍ഹി അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഇന്ന് ഉച്ചയ്‌ക്ക് 1.33നാണ് സംഭവം. റിക്‌ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയാണ് അടയാളപ്പെടുത്തിയത്. ജമ്മു കശ്‌മീരാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
കശ്‌മീരിലെ ഡോഡ ജില്ലയിലെ ഗണ്ഡോ ഭാലേസ്സയെന്ന വിദൂര ഗ്രാമമാണ് ഭൂമികുലുക്കത്തിന്‍റെ പ്രഭവകേന്ദ്രം. നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി (എന്‍സിഎസ്) ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. 'ഭൂകമ്പം: 5.4, 13-06-2023, 13:33:42 ഐഎസ്‌ടി (India Standard Time), ലാറ്റ്: 33.15 & ദൈർഘ്യം: 75.82, ആഴം: ആറ് കി.മീ, സ്ഥലം: ഡോഡ, ജമ്മു കശ്‌മീർ, ഇന്ത്യ' - എന്‍സിഎസ് ട്വീറ്റ് ചെയ്‌തു. ഭൂചലനത്തിൽ ഇതുവരെ കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടമോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മെയ് 11ന് ഉത്തരാഖണ്ഡില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇടയ്‌ക്കിടെ ഭൂചലനമുണ്ടാവുന്ന പിത്തോരഗഡിലാണ് സംഭവം. റിക്‌ടര്‍ സ്കെയിലിൽ 3.1 ആണ് തീവ്രത രേഖപ്പെടുത്തിയത്. നാഷണൽ സെന്‍റര്‍ ഫോർ സീസ്‌മോളജി പുറത്തുവിട്ട റിപ്പോർട്ടിൽ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം പിത്തോരഗഡിന് 32 കിലോമീറ്റർ വടക്കാണ് രേഖപ്പെടുത്തിയത്. 'ഭൂചലനം: 3.8, 22-01-2023, 08:58:31 ഐഎസ്‌ടി, ദൈർഘ്യം: 80.13, ആഴം: 10 കി.മീ, സ്ഥാനം: ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ നിന്ന് 23 കിലോമീറ്റർ അകലെ' - എന്‍സിഎസ് ട്വീറ്റില്‍ പറയുന്നു.
3.2 തീവ്രതയില്‍ അരുണാചലില്‍ ഭൂകമ്പം: അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിൽ ജൂണ്‍ 11നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. റിക്‌ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് കേന്ദ്ര ഗവൺമെന്‍റിന്‍റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. രാവിലെ 6.34നാണ് ഭൂകമ്പം ഉണ്ടായത്. മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് 173 കിലോമീറ്റർ വടക്ക് - കിഴക്കായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ കമെങ് ജില്ലയുടെ പല ഭാഗങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
എൻസിഎസ് റിപ്പോർട്ട് പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 33 കിലോമീറ്റർ ആഴത്തിൽ 27.02 അക്ഷാംശത്തിലും 92.57 രേഖാംശത്തിലും പ്രകമ്പനം ഉണ്ടായി. ഭൂചലനത്തെ തുടർന്ന് ഏതെങ്കിലും ഭാഗത്തുനിന്ന് അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് ജില്ല അധികൃതർ അന്വേഷിച്ച് വരികയാണ്. ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഈ മാസം ആദ്യം അസമിലെ തേസ്‌പൂരിൽ ഭൂകമ്പം ഉണ്ടായിരുന്നു.
ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം തേസ്‌പൂരിൽ നിന്ന് 37 കിലോമീറ്റർ പടിഞ്ഞാറ് 10 കിലോമീറ്റർ താഴ്‌ചയിലാണ്. റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂൺ ആറിന് ഹരിയാനയിലെ ജജ്ജറിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 7.08 ന് 12 കിലോമീറ്റർ താഴ്‌ചയിലാണ് നേരിയ ഭൂചലനം. ഈ സംഭവത്തില്‍ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിൽ ആളപായമോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.