ന്യൂഡല്‍ഹി : ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളില്‍ വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നിന്ന് 212 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്താണ് ഇന്ന് രാത്രി റിക്‌ടർ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പിത്തോരാഗഡ്, മുൻസിയാരി, ഗംഗോലിഹാത്ത് എന്നിവടങ്ങളിലും നേരിയ ഭൂചലനമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
നേപ്പാളിലെ സിലംഗ ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയും 10 കിലോമീറ്റർ ആഴത്തിലും ഭൂകമ്പത്തിന്‍റെ ഉത്ഭവമെന്നും ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളില്‍ ഇത് ബാധിച്ചതായും പിത്തോരാഗഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്‍റ് ഓഫിസർ ബിഎസ് മഹർ പറഞ്ഞു. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്ഷാംശം 29.28 എന്‍, രേഖാംശം 81.20 ഇ എന്നിവയിലായി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നേപ്പാളില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറുപേര്‍ മരണപ്പെട്ടിരുന്നു. ഒരാഴ്‌ചയ്ക്കിടെ നേപ്പാളില്‍ ഇത് മൂന്നാമത്തെ വട്ടമാണ് ഭൂചലനമുണ്ടാകുന്നത്.