കൊല്‍ക്കത്ത(പശ്ചിമബംഗാള്‍): ഫ്ലാറ്റിലെ മുറിയില്‍ കൂട്ടിയിട്ട നിലയില്‍ നോട്ടുകെട്ടുകള്‍. കുളിമുറിയിലടക്കം ഒളിപ്പിച്ച കോടിക്കണക്കിന് രൂപയുടെ പണം. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും വേറെ.
നോട്ടെണ്ണല്‍ യന്ത്രങ്ങളുണ്ടായിട്ടും കണ്ടെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഇ.ഡിക്ക് മണിക്കൂറുകള്‍ വേണ്ടിവന്നു. ആഭരണങ്ങള്‍ക്ക് പുറമെ സ്വര്‍ണ പേന, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ എന്നിവയും ഫ്ലാറ്റുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്രയേറെ സ്വത്തുക്കള്‍ ഉണ്ടായിരുന്നിട്ടും പശ്ചിമബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്ത് അര്‍പിതയുടെ പേരില്‍ ഫ്ലാറ്റിന്‍റെ മെയിന്‍റനന്‍സ് തുക അടക്കാത്തതിനാല്‍ നോട്ടിസ് വന്നിരിക്കുന്നു.
11,819 രൂപയുടെ മെയിന്‍റനൻസ് കുടിശ്ശികയാണ് അര്‍പിതയുടെ പേരിലുള്ളത്. കഴിഞ്ഞ ദിവസം ദക്ഷിണ കൊല്‍ക്കത്തയിലെ അര്‍പിതയുടെ ഫ്ലാറ്റില്‍ നിന്ന് 20 കോടിയിലധികം രൂപയും ലക്ഷങ്ങളുടെ ആഭരണവും 20ലധികം മൊബൈല്‍ ഫോണുകളും ഇ.ഡി കണ്ടെടുത്തത്. പത്തിലധികം ഫ്ലാറ്റുകള്‍ അര്‍പിതക്കുണ്ടെന്ന് തെളിയിക്കുന്ന രേഖകളും അവിടെ നിന്ന് ഇ.ഡിക്ക് ലഭിച്ചു.
ബെൽഗോറിയയിലെ ഫ്ലാറ്റില്‍ ബുധനാഴ്‌ച നടത്തിയ റെയ്‌ഡില്‍ ഇ.ഡി കണ്ടെത്തിയത് 28 കോടി രൂപയും 5 കിലോ സ്വര്‍ണവുമാണ്. ഏകദേശം 18 മണിക്കൂര്‍ നീണ്ട പരിശോധനക്കൊടുവിലാണ് കുളിമുറിയിലടക്കം ഒളിപ്പിച്ച നിലയില്‍ കോടികള്‍ കണ്ടെടുത്തത്. ഈ പണം എണ്ണിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്‌ച പുലര്‍ച്ച വരെ സമയമെടുക്കേണ്ടി വന്നു.
അര്‍പിതയുടെ ഫ്ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പണവും ആഭരണങ്ങളും ഉള്‍പ്പെടെ മൊത്തം 50 കോടി ഇ.ഡി കണ്ടെത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 500, 2000 രൂപയുടെ കറൻസി നോട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. എണ്ണിത്തിട്ടപ്പെടുത്തിയ പണവും, ആഭരണവും 10 ട്രങ്കുകളിലാക്കിയാണ് ഇ.ഡി മടങ്ങിയത്.
രത്തല മേഖലയിലെ അർപിതയുടെ രണ്ട് ഫ്ലാറ്റുകളുടെ താക്കോൽ ഇല്ലാത്തതിനാൽ പൂട്ട് തകർത്ത് അകത്ത് കയറിയാണ് ഇ.ഡി പരിശോധിച്ചത്. റെയ്‌ഡ് ചെയ്‌ത ഫ്ലാറ്റുകള്‍ ഇ.ഡി സീല്‍ ചെയ്‌തിട്ടുണ്ട്. അതേസമയം തന്‍റെ ഫ്ലാറ്റിലുള്ള പണത്തിന്‍റെ കണക്ക് തനിക്കറിയില്ലെന്നും മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും അനുയായികളും മാത്രമാണ് പണം ഒളിപ്പിച്ചിരുന്ന മുറികളില്‍ പ്രവേശിക്കാറുള്ളതെന്നും അര്‍പിത മൊഴി നല്‍കി.
തന്‍റെ വസതികള്‍ മന്ത്രി മിനി ബാങ്കായി ഉപയോഗിക്കുകയായിരുന്നെന്നാണ് അര്‍പിതയുടെ വാദം. അര്‍പിതയുടെ വസതികളില്‍ റെയ്‌ഡ് കടുപ്പിച്ച് ഇ.ഡി നിലപാടെടുക്കുമ്പോള്‍ അധ്യാപക നിയമന അഴിമതിയില്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ കുരുക്ക് മുറുകുകയാണ്.
Also Read ഇഡി റെയ്‌ഡ് : അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്നായി കണ്ടെടുത്തത് 49 കോടിയോളം രൂപ