ചെന്നൈ : മധുരയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസില്‍ ഡിവിഎസിയുടെ (Directorate of Vigilance and Anti-Corruption) റെയ്‌ഡ്. അഴിമതി കേസില്‍ ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഡിവിഎസിയുടെ നടപടി. ദിണ്ടിഗല്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടറില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയാണ് അറസ്റ്റിലായത്.
കേന്ദ്ര ഏജന്‍സി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും പണവും ഇയാളില്‍ നിന്നും ഡിവിഎസി കണ്ടെത്തി. ഓഫിസില്‍ അങ്കിത് തിവാരിയുടെ മുറിയിലാണ് സംഘം പരിശോധന നടത്തിയത്. ഇതാദ്യമായാണ് ഇഡി ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. സംഭവം ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കിടയിലും വലിയ കോളിളക്കം സൃഷ്‌ടിച്ചു.
പരിശോധനയെ തുടര്‍ന്ന് നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇന്തോ- ടിബറ്റന്‍ അര്‍ധ സൈനിക സേനയിലെ 50 അംഗങ്ങളെയും സുരക്ഷയ്‌ക്കായി നിയമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി അങ്കിത് തിവാരി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റില്‍ ജോലി ചെയ്യുകയാണ്. കൂടാതെ നേരത്തെ 4 അക്കൗണ്ടിങ് സ്ഥാപനങ്ങളിലും ജോലി ചെയ്‌തിരുന്നു.
20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അജിത് തിവാരി അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് ബാബു നല്‍കിയ പരാതിയിലാണ് ഇഡി നടപടി. ഔദ്യേഗിക വാഹനത്തില്‍ വച്ചാണ് ഇയാള്‍ പണവുമായി അറസ്റ്റിലായത്.