ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 11 പേരുടെ ജീവനെടുത്ത ഉരുള്‍പ്പൊട്ടല്‍ ബാക്കി വച്ച കാഴ്‌ചകള്‍ വൈറലാകുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾ ചിത്രീകരിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഉത്തരാഖണ്ഡിലെത്തിയ വിനോദ സഞ്ചാരികളായ നവീനും ഷെറിൽ ഒബ്റോയിയും കഷ്ടിച്ചാണ് അപകടത്തിന് നിന്ന് രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കല്ലുകളും പാറകളും കിടക്കുന്നതിന്‍റെ ദൃശ്യം നവീൻ തന്‍റെ മൊബൈലില്‍ പകര്‍ത്തി.
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
"ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് മേല്‍ ഒരു കൂട്ടം പാറകള്‍ വന്ന് വീഴുകയും വാഹനം മലയിടുക്കിലേക്ക് വീഴുകയും ചെയ്‌തു. ഡ്രൈവറുടെ അടുത്തുള്ള സീറ്റിലായിരുന്നു ഞാൻ ഇരുന്നത്. എങ്ങനെയൊക്കെയോ വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ ഒരു പാറയില്‍ തട്ടി എന്‍റെ തലയ്ക്ക് പരിക്കേറ്റു" - നവീൻ പറഞ്ഞു.
മലമുകളില്‍ നിന്ന് പാറകള്‍ വന്നു വീഴുന്നത് ദൃശ്യങ്ങളില്‍
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഷെറിലിനോട് സുരക്ഷിതമായ ഒരു സ്ഥാനത്ത് നില്‍ക്കാൻ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാൻ സാധിക്കും. സഹായം തേടി രക്ഷപ്പെട്ട ഇരുവരും എമർജൻസി നമ്പറില്‍ ബന്ധപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്നും ആവശ്യമായ ചികിത്സകള്‍ നല്‍കി അവര്‍ അവര്‍ക്ക് എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് പോയെന്നും ജില്ല ഭരണകൂടം അറിയിച്ചു.
ജൂലൈ 25ന് കിന്നാവുര്‍ ജില്ലയിലെ സാംഗ്‌ല വാലിയിലാണ് ദുരന്തമുണ്ടായത്. വലിയ കല്ലുകള്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവീണ് പാലം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പാലം പൂര്‍ണമായും തകര്‍ന്നിരുന്നു. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.