ന്യൂഡല്‍ഹി: തന്‍റെ എല്ലാ സിനിമകളും തന്നെ സംബന്ധിച്ച് മികച്ച ഓര്‍മകളെന്ന് മലയാളികളുടെ പ്രിയങ്കരനായ താരം ദുല്‍ഖര്‍ സല്‍മാന്‍. ഹിന്ദി സിനമികളിലേയ്‌ക്ക് ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് താരത്തിന്‍റെ പ്രതികരണം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളില്‍ മികവ് തെളിയിച്ച ദുല്‍ഖര്‍ സല്‍മാന്‍ 'കര്‍വാന്‍', 'ദി സോയ ഫാക്‌ട്' തുടങ്ങിയ രണ്ട് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ആര്‍ ബാല്‍ഖി സംവിധാനം ചെയ്‌ത റിലീസിനൊരുങ്ങുന്ന ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് ഇഷ്‌ടമുള്ള ചലചിത്ര മേഖലയാണ് ഹിന്ദിയെന്നും ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിക്കുന്ന തനിക്ക് ഹിന്ദിയില്‍ വ്യത്യസ്‌തമായ വേഷങ്ങള്‍ ചെയ്യാനാന്‍ താല്‍പര്യമെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു.
കഥാപാത്രങ്ങള്‍ എക്കാലത്തും ഓര്‍മ്മിക്കണം: ഹിന്ദിയില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ സിനിമയുടെ രസകരമായ തിരക്കഥയാണ്. കൂടാതെ ചീനി കം, പാ, പാഡ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ മികച്ച അനുഭവമാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ചുപ്പ് സിനിമയുടെ സംവിധായകന്‍ ബാല്‍ഖിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി തിരക്കഥകള്‍ ഞാന്‍ കേള്‍ക്കാനിടയായിട്ടുണ്ടെങ്കിലും ചുപ്പ് അതില്‍ നിന്നെല്ലാം വ്യത്യസ്‌തപ്പെട്ടിരിക്കുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരും ചിന്തിക്കാത്ത തരത്തിലുള്ള കഥയാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു.
സിനിമയെ കുറിച്ചുള്ള പ്രതികൂല പ്രതികരണങ്ങള്‍ കാര്യമായി തന്നെ ബാധിക്കും. കാരണം, ഈ സിനിമക്ക് വേണ്ടി അത്രമാത്രം ആത്മസമര്‍പ്പണവും കഷ്‌ടപാടുകളും ഉണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സിനിമ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നല്‍കിയിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കേരളത്തിലെ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്‌തു.
ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർക്ക് ടിക്കറ്റ് ലഭിച്ചു. സെപ്റ്റംബർ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പ് സൗജന്യമായി കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചത്. സിനിമാ മേഖലയിലെ നിരൂപകര്‍ക്കും സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കുന്ന പ്രിവ്യൂ ഷോ ഇത്തവണ എല്ലാ പ്രേക്ഷകർക്കും വേണ്ടി നിർമ്മാതാക്കൾ ഒരുക്കി.