ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത' (King of Kotha). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രം ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഓണ ചിത്രമായി ഓഗസ്‌റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്തുന്നത്.
കേരളത്തില്‍ നൂറില്‍പരം സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഈ പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന സിനിമ രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'.
- " class="align-text-top noRightClick twitterSection" data="">
സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററും, ട്രെയിലറും, ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടി.
അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. സിനിമയിലെ 'കലാപക്കാരാ' (Kalapakkaara) എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ 40-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുല്‍ഖറിന്‍റെ ഗംഭീര നൃത്ത ചുവടുകളാല്‍ സമ്പന്നമാണ് 'കലാപക്കാരാ'. ഈ ഐറ്റം നമ്പറില്‍ ദുല്‍ഖറിനൊപ്പം തെന്നിന്ത്യന്‍ താരം റിതിക സിങ്ങും ചുവടുവച്ചിരുന്നു.
മലയാളത്തിന് പുറമെ ഗാനത്തിന്‍റെ ഹിന്ദി, തമിഴ്, തെലുഗു എന്നീ പതിപ്പുകളും അണിയറപ്രവര്‍ത്തകര്‍ ഒരേസമയം പുറത്തുവിട്ടിരുന്നു. ഹിന്ദിയില്‍ 'ജല ജല ഹായ്', തമിഴില്‍ 'കലാട്ടക്കാരന്‍', തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്നി പേരുകളിലാണ് ഗാനം റിലീസായത്. ജോ പോളിന്‍റെ ഗാനരചനയില്‍ ജേക്ക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍, ബെന്നി ദയാല്‍, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഈ പെപ്പി ഡാന്‍സ് നമ്പര്‍ ആലപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഗാനത്തിന് നാല് ദശലക്ഷത്തിലധികം കാഴ്‌ചക്കാരെ ലഭിച്ചിരിക്കുകയാണ്. നാല് ഭാഷകളിലുമായാണ് ഗാനം നാല് ദശലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞത്. ഇക്കാര്യം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ 'കിംഗ് ഓഫ് കൊത്ത'യുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്‌തിരുന്നു. ഇക്കാര്യവും ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് പ്രേക്ഷകരോട് പങ്കുവച്ചത്. തന്‍റെ ബോളിവുഡ് ആല്‍ബം 'ഹീരിയേ'യുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങള്‍ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്‌തു. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായത് കൊണ്ടല്ല അങ്ങനെ ചെയ്‌തത്. ആ സിനിമയുടെ ഒഴുക്കിന് തടസം ഉണ്ടാകരുതെന്നേ കരുതിയുള്ളൂ. ഒരു ഫ്ലോയില്‍ സിനിമ കാണുമ്പോള്‍ കുറച്ചു കൂടി വലുപ്പം അതിന് ആവശ്യമാണെന്ന് തോന്നി' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.