മലയാളികള്‍ക്ക് മാത്രമല്ല, തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). ബോളിവുഡ് വെബ് സീരീസ് 'ഗണ്‍ഡ് ആന്‍ഡ് ഗുലാബ്‌സ്' ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായത്. നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് സീരീസ് റിലീസായത്.
അതേസമയം 'കിംഗ് ഓഫ് കൊത്ത'യുടെ റിലീസിനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തനിക്ക് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് ദുല്‍ഖര്‍ തുറന്നു പറയുന്നത്. ആരാധകരുടെ അപ്രതീക്ഷിത ഇടപെടല്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ് താരത്തിന്‍റെ ഈ തുറന്നു പറച്ചില്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ആരാധകര്‍ അപ്രതീക്ഷിതമായി വന്ന് കവിളില്‍ ചുംബിക്കുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഒരിക്കല്‍ പ്രായമായൊരു സ്‌ത്രീയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തി.
Also Read: ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്‌ഫ്ലിക്‌സില്‍; സ്‌ക്രീനിങില്‍ ദുല്‍ഖറും അമാലുവും
Dulquer Salmaan reveals bad experience: 'പ്രായമായ സ്‌ത്രീ ആയിരുന്നു. എന്‍റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്‌തതെന്ന് എനിക്കറിയില്ല. അതെന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തം ആയിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെയധികം വേദനിച്ചു. അവര്‍ക്ക് നല്ല പ്രായം ഉണ്ടായിരുന്നു. എന്താണ് അതിന് അര്‍ത്ഥം എന്നു പോലും എനിക്കറിയാന്‍ സാധിച്ചില്ല.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
'സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഞാന്‍. ആന്‍റി ദയവായി ഇവിടെ വന്ന് നില്‍ക്കൂവെന്ന് ഞാന്‍ അവരോട് പറഞ്ഞു. പലര്‍ക്കും അവരുടെ കൈകള്‍ എവിടെയാണ് വയ്‌ക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ പിന്നില്‍ ആയിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ അമ്പരക്കും. എങ്ങനെയാണ് അതില്‍ നിന്നും രക്ഷപ്പെടേണ്ടത് എന്നെനിക്ക് അറിയില്ലായിരിക്കും.'-ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ചില സമയത്ത് ഞാന്‍ ഇതേ കുറിച്ച് സുഹൃത്തുക്കളോട് പറയാറുണ്ട്. ഞാന്‍ കടന്നു പോകുന്നത് ഇതിലൂടെയാണ്. നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ആളുകള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിന് ഉത്തരം ഇല്ല. ഞാന്‍ കടന്നു പോയ വേദന മാത്രം ആയിരിക്കും എനിക്ക് ഓര്‍മ ഉള്ളത്.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍റെ ഈ വെളിപ്പെടുത്തല്‍ മാധ്യമ ശ്രദ്ധ നേടുകയാണ്. ആരാധകരില്‍ നിന്നുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ പല താരങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടായ വാര്‍ത്തകള്‍ ഇതിന് മുമ്പും പുറത്തുവന്നിട്ടുണ്ട്. ആരാധകരുടെ ആവേശം അതിരു കടക്കുമ്പോള്‍ പല താരങ്ങളും പരസ്യമായി പ്രതികരിക്കാറുണ്ട്. എന്നാല്‍ ചില താരങ്ങള്‍ മൗനം പാലിക്കും.