റായ്‌പൂര്‍: നല്ലൊരു സര്‍ക്കാര്‍ ജോലി കൈയില്‍ കിട്ടിയാല്‍ പിന്നീട് പഠനത്തെ കുറിച്ച് ആരെങ്കിലും ഓര്‍ക്കുമോ? ഇനിയും പഠിക്കണമെന്ന് ആഗ്രഹം ഉണ്ടാകുന്നത് അപൂര്‍വ്വമായിരിക്കും. ജോലിയില്‍ സുരക്ഷിതത്വം ഉണ്ടെങ്കില്‍ പിന്നെന്തിന് വീണ്ടും പഠിക്കണമെന്ന ചിന്തയാകും. എന്നാല്‍ ഇതേ കുറിച്ച് പിന്നീട് മിക്കവരും ആലോചിക്കാറ് പോലുമില്ലെന്നതാണ് വാസ്‌തവം (Dhamtari DSP's Degree).
ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ജോലിക്കൊപ്പം പഠനത്തില്‍ മുഴുകുന്ന പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ ഛത്തീസ്‌ഗഡില്‍ നിന്നും പുറത്ത് വരുന്നത്. ഛത്തീസ്‌ഗഡിലെ ധംതാരിയിലെ ഡിഎസ്‌പി ഇതുവരെ നേടിയെടുത്തത് വിവിധ വിഷയങ്ങളിലായി എട്ട് ബിരുദങ്ങള്‍. ഇതിന് പുറമെ പൊലീസ് കോണ്‍സ്റ്റബിളുമാരും ഇപ്പോള്‍ ബിരുദ പഠനം ആരംഭിക്കാനിരിക്കുകയാണ്.
കോൺസ്റ്റബിള്‍ ഗൺപത് ദിൻഡോൽക്കറും ഹെഡ് കോൺസ്റ്റബിൾ കമൽ കിഷോർ സാഹുവുമാണ് ബിരുദ പഠനം നടത്തുന്നത്. കഴിഞ്ഞ 13 വര്‍ഷമായി പൊലീസ് കോണ്‍സ്റ്റബിളായി സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഗൺപത് ദിൻഡോൽക്കര്‍ വീണ്ടും പഠനത്തിലേക്ക് തിരിയുന്നത്. ധംതാരി സ്റ്റേഷനിലെ തന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ കമൽ കിഷോർ സാഹുവാകട്ടെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഎയില്‍ ബിരുദം നേടാനുള്ള ഒരുക്കത്തിലുമാണ് (DSP Mani Shankar Chandra).
സ്റ്റേഷനിലെ 8 ബിരുദങ്ങളുള്ള ഡിഎസ്‌പി മണി ശങ്കര്‍ ചന്ദ്രയാണ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് മാതൃകയാകുന്നത്. എട്ട് ബിരുദങ്ങള്‍ ഉള്ള അദ്ദേഹം 9-ആമത് ബിരുദത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. പൊലീസ് കോണ്‍സ്റ്റബിള്‍ ജോലി ലഭിച്ചതോടെ ഇരുവരും പ്ലസ്‌ടുവിന് ശേഷം പഠനം നിര്‍ത്തുകയായിരുന്നു. അതിന് ശേഷമാണ് വിദ്യാഭ്യാസം നേടാനുള്ള മേലുദ്യോഗസ്ഥന്‍റെ താത്‌പര്യം ഇരുവരുടെയും മനസിനെ സ്വാധീനിച്ചത്. ബുരുദങ്ങള്‍ നേടിയെടുക്കുക മാത്രമല്ല ഭാവിയില്‍ പിഎച്ച്‌ഡിയും എടുക്കാനുള്ള തീരുമാനത്തിലാണ് ഡിഎസ്‌പി. നമ്മള്‍ നേടിയെടുക്കുന്ന അറിവ് ഒരിക്കലും പാഴാകുകയില്ലെന്നാണ് ഡിഎസ്‌പി പറയുന്നത്.