തുംകുരു(കർണാടക) : റോഡിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്ന കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി കൈയ്യിൽ ചുറ്റി മദ്യപിച്ച് ലക്കുകെട്ട യുവാവ്. കർണാടകയിലെ തുംകുരുവിലാണ് വെൽഡിങ് പണിക്കാരനായ സലീം എന്ന യുവാവ് പാമ്പിനെ കൈയിൽ ചുറ്റി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
പാമ്പ് രണ്ട് തവണ ഇയാളുടെ കൈയിൽ കടിച്ചുവെങ്കിലും അതിനെ വിട്ടയക്കാൻ ഇയാൾ തയാറായില്ല. വീണ്ടും കടിക്കാൻ ശ്രമിക്കുന്നതിനിടെ സലീം പിടിവിടുകയും പാമ്പ് ഇഴഞ്ഞ് നീങ്ങുകയുമായിരുന്നു. പിന്നാലെ വിവരമറിഞ്ഞ് പാമ്പ് പിടുത്തക്കാരനായ ദിലീപ് സ്ഥലത്തെത്തി മൂർഖനെ പിടികൂടി ദേവരായനദുർഗ വനത്തിൽ വിട്ടു.
ALSO READ: പത്തിയിൽ ഉമ്മ വയ്‌ക്കുന്നതിനിടെ പാമ്പ് പിടിത്തക്കാരന് മൂർഖന്‍റെ കടിയേറ്റു
ഇതിനിടെ നാട്ടുകാർ ചേർന്ന് സലീമിനെ തുമകുരു ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ ഡോക്‌ടർമാർ സലീമിനെ ഐസിയുവിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇയാൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. സലീമിനായുള്ള തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.