ബഹറായിച്ച്: അടിച്ചു ഫിറ്റായി ഓടിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ചു. പൊലീസ് എത്തിയപ്പോൾ ബഹളവും വാക്കേറ്റവും. ഉത്തര്‍പ്രദേശിലെ ബഹറായിച്ചിലാണ് സംഭവം. ഉത്തർപ്രദേശിലെ ഡെപ്യൂട്ടി ലേബർ കമ്മിഷണറും വനിതയുമായ കേസർവാണിയാണ് നടുറോഡില്‍ പൊലീസിന് തലവേദന ഉണ്ടാക്കിയത്.
ലഖ്‌നൗവില്‍ നിന്ന് ഗോണ്ടയിലേക്കായിരുന്നു കേസര്‍വാണിക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ക്ക് വഴിതെറ്റി ബഹറായിച്ചിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് വാഹനം ഡിവൈഡറില്‍ ഇടിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കേസർവാണിയോട് കാറിന്‍റെ പിൻസീറ്റില്‍ ഇരിക്കാൻ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വനിത പൊലീസുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
ഒടുവില്‍ കേസര്‍വാണിയുടെ ഭര്‍ത്താവിനെ പൊലീസ് സ്ഥലത്ത് വിളിച്ചുവരുത്തുകയായിരുന്നു. അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥ ഏറെ പണിപ്പെട്ടാണ് കേസർവാണിയെ കാറിന്‍റെ പിൻസീറ്റില്‍ കയറ്റിയത്. ഭര്‍ത്താവാണ് കേസര്‍വാണിയെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.