'മയക്കുമരുന്നിന് അടിമ, തൊഴില്‍ രഹിതര്‍, അവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല' ; അതിഖിന്‍റെയും സഹോദരന്‍റെയും കൊലയാളികളെ കുറിച്ച് കുടുംബം - സണ്ണി സിങ്
ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ എത്തിയ അക്രമി സംഘം അതിഖ് അഹമ്മദിനും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു
ലഖ്‌നൗ : അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊലപ്പെടുത്തിയ അക്രമി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെയാണ് അതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൂട്ടത്തില്‍ ലവ്‌ലേഷ് തിവാരി മയക്കുമരുന്നിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്.
തള്ളിപ്പറഞ്ഞ് കുടുംബം : ലവ്‌ലേഷ് മയക്കുമരുന്നിന് അടിമയാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 'അവൻ എങ്ങനെ അവിടെ എത്തി എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു അറിവുമില്ല. അവൻ മയക്കുമരുന്നിന് അടിമയാണ്. ഞങ്ങൾക്ക് ലവ്‌ലേഷുമായി ഒരു ബന്ധവുമില്ല, കുടുംബത്തിനൊപ്പമല്ല അവന്‍ കഴിഞ്ഞിരുന്നത്. ഒരു കേസില്‍ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്' - അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലവ്‌ലേഷ് വീട്ടില്‍ വന്നിരുന്നതായും പിതാവ് പറഞ്ഞു.
അതേസമയം, ഗുണ്ട നേതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് അറസ്റ്റിലായ സണ്ണി സിങ്ങിന്‍റെ സഹോദരന്‍ പിന്‍റു സിങ് പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ പലയിടങ്ങളിലായി കറങ്ങി നടക്കുന്നതാണ് സണ്ണിയുടെ ശീലമെന്നും സഹോദരന്‍ വിശദീകരിച്ചു.
ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ്, വൈദ്യപരിശോധനയ്‌ക്കായി എത്തിച്ച അതിഖും സഹോദരനും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട മകന്‍റെ സംസ്‌കാര ചടങ്ങിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഖ്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ എത്തിയ അക്രമികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.