ഹൈദരാബാദ്: ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ഒമ്പത് കിലോ 700 ഗ്രാം സ്വര്‍ണം ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി. വിപണിയില്‍ 5.53 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് സെക്കന്തരാബാദ്, ശ്രീകാകുളം റെയിൽവേ സ്‌റ്റേഷനുകളില്‍ നിന്നായി ഡിആർഐ പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡിആർഐ വ്യക്തമാക്കി.
ലഗേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നംഗ സംഘം കടത്താന്‍ ശ്രമിച്ച സ്വര്‍ണം മാര്‍ച്ച് ഒമ്പതിനാണ് ഡിആര്‍ഐ പിടികൂടിയത്. കൊല്‍കത്തയില്‍ നിന്ന് ഫലക്‌നുമ എക്സ്പ്രസില്‍ സഞ്ചരിച്ച യാത്രക്കാര്‍ സ്വര്‍ണം കടത്തുന്നതായി ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവര്‍ സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പിടിയിലാകുന്നത്. പ്രാഥമിക പരിശോധനയില്‍ ഇവരില്‍ നിന്ന് ഒന്നും തന്നെ കണ്ടെടുത്തിരുന്നില്ല. എന്നാല്‍ ഇവരില്‍ സംശയം തോന്നിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇവരുടെ ലഗേജുകള്‍ സൂക്ഷമ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഇതിനിടെ കണ്ണില്‍പെടാത്ത രീതിയില്‍ ഒളിപ്പിച്ച ബാഗിന്‍റെ രഹസ്യ അറയില്‍ നിന്നാണ് സ്വര്‍ണം പിടികൂടുന്നത്. പിടികൂടിയ 2.3 കിലോ ഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 1.32 കോടി രൂപ വരുമെന്നും പ്രതികളെ പിടികൂടിയെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സമാന സംഭവം മുമ്പും: മാര്‍ച്ച് ഒമ്പതിനും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രണ്ടംഗ സംഘത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഹൗറ എക്‌സ്‌പ്രസിലെ യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശ്രീകാകുളം റെയിൽവേ സ്‌റ്റേഷൻ വച്ച് ഇവര്‍ പിടിയിലാകുന്നത്. ഇവരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ 7.4 കിലോ ഗ്രാം സ്വര്‍ണവും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 4.21 കോടി രൂപ വില വരുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഈ രണ്ട് സംഭവങ്ങള്‍ക്കും ബംഗ്ലാദേശ് ബന്ധമുണ്ടെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. നികുതികള്‍ വെട്ടിച്ചാണ് ഇത്തരം സ്വര്‍ണങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ബംഗ്ലാദേശിന്‍റെയും പശ്ചിമ ബംഗാളിന്‍റെയും അതിര്‍ത്തിയിലൂടെ കണ്ണുവെട്ടിച്ച് കടത്തുന്ന ഇത്തരം സ്വര്‍ണം ഇന്ത്യന്‍ ആഭരണ വിപണിയിലെത്തുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കടല്‍മാര്‍ഗവും: അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം കടത്തുന്നതിനിടെ പത്തുകോടി രൂപ വിലവരുന്ന സ്വര്‍ണം തമിഴ്‌നാട് രാമേശ്വരത്ത് പിടികൂടിയിരുന്നു. കോസ്‌റ്റ് ഗാര്‍ഡും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സും (ഡിആര്‍ഐ) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 17.74 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട് രാമനാഥപുരത്തെ മണ്ഡപം കേന്ദ്രീകരിച്ച് ഒരു സംഘം മത്സ്യബന്ധന ബോട്ടില്‍ ശ്രീലങ്കയില്‍ നിന്നും വൻതോതിൽ സ്വർണം കടത്താൻ പദ്ധതിയിടുന്നതായി ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്ന് സ്വര്‍ണം പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ ഉൾക്കടലിൽ ചെന്ന് സ്വർണം ശേഖരിച്ച് രാമേശ്വരത്തിനടുത്തുള്ള മണ്ഡപം തീരത്ത് ഇറക്കുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഇതെത്തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരും കോസ്‌റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം കോസ്‌റ്റ് ഗാര്‍ഡ് കപ്പലായ ചാര്‍ലി 432 ല്‍ പ്രദേശത്ത് നിരീക്ഷണം തുടര്‍ന്നു. അങ്ങനെ ഫെബ്രുവരി എട്ട് പുലര്‍ച്ച സ്വര്‍ണക്കടത്ത് സംഘം സഞ്ചരിക്കുന്ന മത്സ്യബന്ധന ബോട്ട് സംഘം തിരിച്ചറിഞ്ഞു. തുടര്‍ന്ന് കോസ്‌റ്റ് ഗാര്‍ഡ് കപ്പലില്‍ നിന്ന് റിജിഡ് ഇൻഫ്ലേറ്റബിൾ ബോട്ടുകൾ (ആർഐബി) വിന്യസിച്ച് ഇവരെ കടലില്‍ പിന്തുടര്‍ന്ന ശേഷം മണ്ഡപം തീരത്തിനടുത്തുവച്ച് ബോട്ട് പിടികൂടുകയായിരുന്നു.