ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സൈനിക യുദ്ധക്കപ്പലുകളുടെയും വ്യാപാര കപ്പലപകളുടേയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഡിആർഡിഒ വികസിപ്പിച്ചെടുത്ത 'സിന്ധു നേത്ര' ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. രാവിലെ 10.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യൻ നാവികസേനക്ക് കൂടുതൽ കരുത്ത് പകരുന്ന സിന്ധു നേത്ര ഇന്ത്യൻ അതിര്‍ത്തികള്‍ നിരീക്ഷിക്കാൻ സഹായിക്കുന്ന കരുത്തുറ്റ ഉപഗ്രഹമാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ പിഎസ്‌എൽവി-സി 51 ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിൽ വരുന്ന ഡിആർഡിഒയുടെ യുവ ശാസ്ത്രജ്ഞരാണ് സിന്ധു നേത്ര ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ മഹാസമുദ്ര മേഖലകളിലെ പ്രവർത്തനങ്ങൾ തിരിച്ചറിയാനാകുന്ന സിന്ധു നേത്ര ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഇതിനൊക്കെ പുറമേ ദക്ഷിണ ചൈനാ കടൽ, കടൽക്കൊള്ളക്കാര്‍ തമ്പടിച്ചിരിക്കുന്ന മേഖലകള്‍, ഏദൻ ഉൾക്കടൽ, ആഫ്രിക്കൻ തീരം തുടങ്ങിയവയും ഉപഗ്രഹത്തിന് നിരീക്ഷിക്കാനാകും. ചൈനയുമായുള്ള ലഡാക്ക് മേഖല, പാകിസ്ഥാനുമായുള്ള അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിന് രാജ്യത്തെ സഹായിക്കുന്ന ഉപഗ്രഹങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാണ് സിന്ധു നേത്രയെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തികളിൽ ചൈനീസ് സൈന്യത്തിന്‍റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സിന്ധു നേത്ര സഹായകരമാകും.