ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുർമു നാളെ (ജൂലൈ 25) സ്ഥാനമേൽക്കും. തുടർച്ചയായി ജൂലൈ 25ന് ചുമതലയേൽക്കുന്ന 10-ാമത്തെ രാഷ്‌ട്രപതിയാണ് മുർമു. 1977 മുതൽ രാജ്യത്തെ രാഷ്‌ട്രപതിമാർ ജൂലൈ 25നാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത്.
ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്, ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26നാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. 1952ൽ അദ്ദേഹം ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. രണ്ടാമത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കുകയും 1962 മെയ് വരെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുകയും ചെയ്‌തു.
1962 മേയ് 13ന് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌ത സർവേപ്പള്ളി രാധാകൃഷ്‌ണൻ 1967 മേയ് 13 വരെ അധികാരത്തിലിരുന്നു. അധികാരത്തിലിരിക്കെ മരണമടഞ്ഞത് മൂലം സക്കീർ ഹുസൈൻ, ഫക്രുദ്ദീൻ അലി അഹമ്മദ് എന്നിവർക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
1977 ജൂലൈ 25ന് നീലം സഞ്ജീവ റെഡ്ഡി ഇന്ത്യയുടെ ആറാമത്തെ രാഷ്‌ട്രപതിയായി ചുമതലയേറ്റു. അന്നുമുതൽ ഇന്നുവരെ ജൂലൈ 25നാണ് ഇന്ത്യൻ രാഷ്‌ട്രപതിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയിട്ടുള്ളത്. ഗ്യാനി സെയിൽ സിങ്, ആർ.വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ.ആർ നാരായണൻ, എപിജെ അബ്‌ദുൾ കലാം, പ്രതിഭ പാട്ടീൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ് എന്നിവരാണ് ജൂലൈ 25 സത്യപ്രതിജ്ഞ ചെയ്‌ത മറ്റ് രാഷ്‌ട്രപതിമാർ.