ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു. 4754 വോട്ടുകൾ പോൾ ചെയ്‌തപ്പോൾ 2824 വോട്ടുകൾ നേടിയാണ് ദ്രൗപദിയുടെ ചരിത്രവിജയം. 53 എണ്ണം അസാധുവായി. ദ്രൗപതി മുർമുവിന് 6,76,803 വോട്ടുമൂല്യം ലഭിച്ചു.
1877 വോട്ടുകളാണ് പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. 3,80,177 ആണ് സിൻഹയുടെ വോട്ട് മൂല്യം. ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്‌പുരിയില നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് അവര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചില പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.
21.07.22ന് രാവിലെ 11മണിക്ക് പാർലമെന്‍റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എംപിമാരും എംഎല്‍എമാരുമായി ആകെ 4,800 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്‌തിരുന്നു.
ആദ്യ ഘട്ടത്തിലെ വോട്ടെണ്ണലിൽ 763 പാർലമെന്‍റ് അംഗങ്ങളിൽ 540 വോട്ടുകൾ ദ്രൗപതി മുർമുവിന് ലഭിച്ചിരുന്നു. 208 വോട്ടുകളാണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്. 15 വോട്ടുകൾ അസാധുവായി. 3,78,000 ആണ് മുർമുവിന് ലഭിച്ച വോട്ടിന്‍റെ മൂല്യം. അതേസമയം 1,45,600 ആണ് എതിർ സ്ഥാനാർഥി യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ച വോട്ടിന്‍റെ മൂല്യം.
രണ്ടാം ഘട്ട വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1349 വോട്ടുകൾ മുർമുവിന് ലഭിച്ചു. 537 വോട്ടുകൾ മാത്രമാണ് യശ്വന്ത് സിൻഹക്ക് ലഭിച്ചത്. 4,83,299 മൂല്യമുള്ള വോട്ടുകളാണ് ദ്രൗപദി മുര്‍മു നേടിയത്. 1,89,876 മൂല്യമുള്ള വോട്ടുകൾ യശ്വന്ത് സിൻഹ സ്വന്തമാക്കി.
എന്നാൽ മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ മുർമു കേവല ഭൂരിപക്ഷത്തിന് വേണ്ട വോട്ടുമൂല്യം മറികടക്കുകയായിരുന്നു. 2161 വോട്ടുകൾ മൂന്നാം ഘട്ടത്തിലെത്തിയപ്പോൾ മുർമു നേടി. ഭൂരിപക്ഷത്തിലേക്ക് വേണ്ട 5,40,000 വോട്ടുമൂല്യം മൂന്നാം റൗണ്ടിൽ തന്നെ 5,77,777 വോട്ട് മൂല്യത്തോടെ മുർമു മറികടന്നു. 1058 വോട്ടുകൾ മാത്രമാണ് മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ യശ്വന്ത് സിൻഹക്ക് നേടാനായത്.
ജാർഖണ്ഡിലെ ആദ്യ വനിത ഗവർണറായ ദ്രൗപതി മുർമു കൗൺസിലറായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട്, റൈരംഗ്‌പുര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായി. ഒഡിഷയിൽ നിന്ന് രണ്ട് തവണ ബി.ജെ.പി നിയമസഭാംഗമായി. ബി.ജെ.പിയുടെ പിന്തുണയോടെ ബിജു ജനതാദൾ ഒഡിഷ ഭരിച്ചപ്പോള്‍ നവീൻ പട്‌നായിക് മന്ത്രിസഭയിലും ദ്രൗപദി മുർമു ഇടംപിടിച്ചിരുന്നു.