അമരാവതി: ഒരു കഴുതയുടെ ബുദ്ധി പോലും ഇല്ലല്ലോ നിനക്ക്, ഈ കഴുതയെ കൊണ്ട് ഞാന്‍ തേറ്റും എന്നിങ്ങനെ തുടങ്ങി കുട്ടികളടക്കമുള്ളവര്‍ എന്തെങ്കിലും വിഡ്ഢിത്തരങ്ങള്‍ കാണിച്ചാല്‍ ഉടന്‍ കേള്‍ക്കുന്ന ശകാരങ്ങളിലൊന്നാണ് കഴുതയെന്ന വിളി. എന്നാല്‍ കഴുതയെന്നത് വെറും ശകാരവാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കിഴക്കൻ ഗോദാവരിയിലെ കിരണ്‍ എന്ന യുവാവ്. ലക്ഷങ്ങളുടെ വരുമാനമാണ് കഴുത വളര്‍ത്തലിലൂടെ കിരണ്‍ മാസം തോറും സമ്പാദിക്കുന്നത്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കിരണ്‍ കഴുത വളര്‍ത്തലിലേക്ക് ഇറങ്ങി തിരിച്ചത്. ഇത്തരത്തില്‍ വേറിട്ടൊരു കൃഷിയിലേക്ക് ഇറങ്ങി തിരിക്കാന്‍ കിരണിന് തക്കതായ കാരണവുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കിരണിന്‍റെ മകന് ആസ്‌തമ ബാധിച്ചു.
നിരവധി ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. മകന്‍റെ അവസ്ഥ കണ്ട് നാട്ടുകാരില്‍ ചിലരാണ് കഴുത പാല്‍ നല്‍കിയാല്‍ കുഞ്ഞിന്‍റെ രോഗം മാറുമെന്ന് പറഞ്ഞത്. ഉടന്‍ തന്നെ കിരണ്‍ മകന് കഴുത പാല്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ കഴുത പാലിന്‍റെ അമിത വില കിരണിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
മാത്രമല്ല അതിന്‍റെ ലഭ്യതയും വളരെ കുറവായിരുന്നു. എന്നാലും കുറച്ച് ദിവസങ്ങള്‍ സ്ഥിരമായി കുഞ്ഞിന് കഴുത പാല്‍ നല്‍കിയതോടെ അസുഖം പൂര്‍ണമായും ഭേദമാകുകയും ചെയ്തു. അങ്ങനെയാണ് കിരണ്‍ കഴുത വളര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായി നിരവധി വിദഗ്‌ദരുമായി കിരണ്‍ ചര്‍ച്ചകള്‍ നടത്തുകയും വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
കഴുതയെ പൊതുവെ ഭാരം ചുമക്കുന്ന മൃഗമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ കഴുത പാലിന്‍റെ ഔഷധ ഗുണത്തെ പറ്റി ആര്‍ക്കും വലിയ ധാരണയില്ലെന്നതാണ് സത്യം. കഴുതപാലില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നിരവധി സൗന്ദര്യ വര്‍ധക വസ്‌തുക്കളിലെയും പ്രധാന ചേരുവയാണ് കഴുത പാല്‍.
വിഷയത്തില്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ കിരണ്‍ രാജനഗരത്തിലെ മല്ലമ്പുടിയിൽ 10 ഏക്കർ ഫാം പാട്ടത്തിനെടുത്തു അതിന് അക്ഷയ ഡോങ്കി ഫാം എന്ന് പേരിടുകയും ചെയ്തു. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നുമായി കഴുതകളെ വാങ്ങുകയും ചെയ്തു.
ഗുജറാത്തിലെ അലരി, മഹാരാഷ്‌ട്രയിലെ കത്‌വാഡ്, ഉത്തർപ്രദേശ്, ബിഹാർ കൂടാതെ ആഫ്രിക്കയിലെ എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നാണ് കിരണ്‍ 120 കഴുതകളെ വാങ്ങിയത്. നിലവില്‍ നൂറിലധികം കഴുതകളാണ് കിരണിന്‍റെ ഫാമിലുള്ളത്. ഒരു ലിറ്റര്‍ കഴുത പാലിന് വിപണിയില്‍ 5000 മുതല്‍ 7000 രൂപ വരെ വിലയുണ്ട്.
ഫാമില്‍ നിന്നും ശേഖരിക്കുന്ന പാല്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ക്കാണ് വിതരണം നടത്തുന്നത. മാത്രമല്ല കഴുത പാലില്‍ നിന്നുണ്ടാക്കുന്ന വെണ്ണക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ആവശ്യക്കാര്‍ വളരെ കൂടുതലാണ്. കിരണ്‍ ഫാമില്‍ നിന്നും ദിവസവും ശേഖരിക്കുന്ന പാല്‍ കുപ്പികളിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുന്നു. അങ്ങനെ ശേഖരിക്കുന്ന പാല്‍ ആഴ്‌ചതോറും വിവിധ കമ്പനികളിലേക്ക് വിതരണവും നടത്തും.
കഴുത വളര്‍ത്തലിലൂടെ വലിയ വരുമാനം നേടാനാവുമെങ്കിലും അവയ്ക്ക് ചെലവും വളരെ വലുതാണ്. ഒരു മുന്തിയ ഇനം കഴുതയെ വാങ്ങാൻ 50000 മുതല്‍ 1 ലക്ഷം രൂപ വരെ വേണം. ധാരാളം പാല്‍ ലഭിക്കണമെങ്കില്‍ അവയ്ക്ക് നന്നായി പോഷകാഹാരം നല്‍കണം. നിലവില്‍ ഫാമില്‍ കഴുതകള്‍ പെരുകിയതോടെ അവയെ പരിപാലിക്കാനായി ജീവനക്കാരെ നിയമിച്ചിരിക്കുകയാണ് കിരണ്‍.
കഴുതയുടെ പ്രോട്ടീന്‍ സമ്പുഷ്‌ടമായ പാല്‍ കുടിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ഫാം മാനേജര്‍ പറയുന്നു. കഴുത വളര്‍ത്തലില്‍ നൂതന ആശയങ്ങള്‍ അവലംബിച്ചാല്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നും കിരണ്‍ പറഞ്ഞു. നിലവില്‍ പാല്‍ വിപണനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കിരണ്‍ പാല്‍പ്പൊടി കൂടി ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍.