കൊൽക്കത്ത: ലണ്ടനിൽ രവീന്ദ്രനാഥ ടാഗോറിന്‍റെ 'മായാർ ഖേല'യുടെ നൃത്താവിഷ്‌കാരം അവതരിപ്പിച്ച് പ്രശസ്ത നർത്തകിയും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി. ദീക്ഷ മഞ്ജരിയിലെ തന്‍റെ വിദ്യാർഥികളോടൊപ്പമാണ് ഡോണ ഗാംഗുലി നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. ഭാരതീയ വിദ്യാഭവന്‍റെ ലോർഡ് മൗണ്ട്ബാറ്റൻ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിലായിരുന്നു അവതരണം.
ഡോണ ഗാംഗുലിയുടെ നൃത്തത്തോടൊപ്പം ഡോ ആനന്ദ് ഗുപ്തയുടെ നേതൃത്വത്തിലുള്ള കലാ സംഗീത പരിപാടിയും ഷോയ്‌ക്ക് മാറ്റ് കൂട്ടി. 'ആസാദി കി അമൃത മഹോത്സവ്' ആഘോഷത്തിന്‍റെ ഭാഗമായാണ് ദീക്ഷ മഞ്ജരിയിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി 'മായാർ ഖേല'യെ അടിസ്ഥാനമാക്കിയുള്ള നൃത്തവും ദേശഭക്തി ഗാനങ്ങളും സംയോജിപ്പിച്ചുള്ള നൃത്ത പരിപാടി അവതരപ്പിക്കുന്നത്.
ലണ്ടന് പുറമെ സ്വിറ്റ്‌സർലൻഡിലെ ഡബ്ലിൻ, ബെർമിംഗ്ഹാം, ജനീവ എന്നിവിടങ്ങളിലും 'മായാർ ഖേല' അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ കൊൽക്കത്തയിലും ശാന്തിനികേതനിലും നൃത്താവിഷ്‌കാരം അവതരിപ്പിച്ചിരുന്നു. രാജ്യത്തിന്‍റെ പൈതൃകം മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് അഭിമാനകരമാണെന്ന് ഡോണ ഗാംഗുലി പറഞ്ഞു.