ചെന്നൈ : തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയ്‌ക്ക് അടിയന്തര ബൈപാസ് സർജറി വേണമെന്ന് ഡോക്‌ടർമാർ. ഹൃദയത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബൈപ്പാസ് സർജറി ചെയ്യണമെന്ന് നിർദേശിച്ചിട്ടുള്ളത്. ജോലി തട്ടിപ്പ് കേസിൽ സെന്തിൽ ബാലാജിയ്‌ക്കെതിരെ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഡോക്‌ടർമാർ അദ്ദേഹത്തിന് ഹൃദയ ശസ്‌ത്രക്രിയ വേണമെന്ന് നിർദേശിച്ചിട്ടുള്ളത്.
ഇന്നലെ രാവിലെ മുതൽ തമിഴ്‌നാട് സെക്രട്ടേറിയറ്റിലും സെന്തിൽ ബാലാജിയുടെ വസതിയിലും ഉൾപ്പടെ ആറിടങ്ങളിൽ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. ശേഷം 17 മണിക്കൂർ മന്ത്രിയെ എൻഫോസ്‌മെന്‍റ് ചോദ്യം ചെയ്‌തു. ഇതിനിടെ പുലർച്ചെ 3.30 ഓടെയാണ് സെന്തിൽ ബാലാജി നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് പൊട്ടിക്കരയുന്നതിന്‍റേയും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതിന്‍റേയും ദൃശ്യങ്ങൾ പുറത്ത് വന്നത്. ചെന്നൈ ഒമൻഡുരാൻ സർക്കാർ ആശുപത്രിയില്‍ ഇന്‍റൻസീവ് കെയർ യൂണിറ്റിലാണ് (ഐസിയു) മന്ത്രി ചികിത്സയിലുള്ളത്.
ബിജെപിയ്‌ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ : അതേസമയം മന്ത്രി വി.സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്‍റ് അറസ്‌റ്റ് ചെയ്‌തതിൽ ബിജെപിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഡിഎംകെ. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുന്നത്. അന്വേഷണമെന്ന പേരിൽ ഇഡി നടത്തിയത് നാടകമാണെന്നും അതിലൂടെ ബാലാജിയെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൊവ്വാഴ്‌ച മുതൽ ഇഡി നടത്തിവന്ന റെയ്‌ഡും നീണ്ട ചോദ്യം ചെയ്യലും കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ നടത്തിയ അറസ്‌റ്റും ബാലാജിയ്‌ക്ക് കടുത്ത മാനസിക സമ്മർദം ഉണ്ടാക്കിയതായും ഇതാണ് നെഞ്ചുവേദനയ്‌ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ബാലാജി അന്വേഷണത്തോട് പൂർണ സഹകരണം ഉറപ്പ് നൽകിയതിന് ശേഷവും ഇത്രയും നീണ്ട അന്വേഷണത്തിന്‍റെ ആവശ്യകതയും അദ്ദേഹം ചോദ്യം ചെയ്‌തു. ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചവരുടെ ക്രൂരമായ ഉദ്ദേശം ഇതിൽ നിന്ന് വ്യക്തമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകും : ബിജെപി രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഇത്തരം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അവർക്ക് അറിയാവുന്ന ഒരേയൊരു മാർഗമാണിത്. അന്വേഷണത്തെ ബാലാജി നിയമപരമായി തന്നെ നേരിടും. ഡിഎംകെ തങ്ങളുടെ രാഷ്‌ട്രീയ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഇത്തരം ഭീഷണികളിൽ ഡിഎംകെ പതറില്ലെന്നും ജനങ്ങൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇതിന് തക്കതായ മറുപടി നൽകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ഡി എം കെ മന്ത്രിസഭയിലെ നിരവധി പ്രമുഖർ സെന്തിൽ ബാലാജിയെ സന്ദർശിച്ചിരുന്നു.
എന്താണ് സിഎഡി : ട്രിപ്പിൾ വെസൽ രോഗമാണ് മന്ത്രിക്ക് ഡോക്‌ടർമാർ സ്ഥിരീകരിച്ചിട്ടുള്ളത്. സിഎബിജി (കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്‌റ്റ്) എന്ന ശസ്‌ത്രക്രിയ ഏറ്റവും വേഗം നടത്തുകയാണ് ഇതിനുള്ള ചികിത്സ. ഏറ്റവും കൂടുതൽ കൊറോണറി ആർട്ടറി ഡിസീസ് (CAD) രോഗബാധിതരുള്ളത് ഇന്ത്യയിലാണെന്നാണ് പഠനങ്ങൾ.
1990 ൽ 15.2 ശതമാനം പേർ ഈ അസുഖത്തെ തുടർന്ന് മരണപ്പെടുകയും 6.9 ശതമാനം പേർക്ക് വൈകല്യങ്ങളും സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2016 ലെ കണക്കുകൾ പ്രകാരം ഇത് യഥാക്രമം 28.1 ശതമാനവും 14 ശതമാനവുമാണ്. കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.