ന്യൂഡല്‍ഹി: വിമാനത്തില്‍ വച്ച് ശ്വാസം നിലച്ച രണ്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് അഞ്ചംഗ ഡോക്‌ടര്‍മാരുടെ സംഘം (Group of Doctors). ഡൽഹിയിലേക്കുള്ള എയർ വിസ്‌താര (Air Vistara) വിമാനത്തില്‍ വച്ച് ജീവന്‍ അപകടത്തിലായ രണ്ട് വയസുള്ള പെണ്‍കുട്ടിയെയാണ് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) ഡോക്‌ടര്‍മാരുടെ സംഘം രക്ഷിച്ചത്. എയിംസിലെ ഡോ.നവ്ദീപ് കൗർ (എസ്‌ആർ അനസ്‌തേഷ്യ), ഡോ.ദമന്‍ദീപ് സിങ് (എസ്‌ആര്‍ കാര്‍ഡിക് റേഡിയോളജി), ഡോ.ഋഷഭ് ജെയിന്‍ (എക്‌സ് എസ്‌ആര്‍ റേഡിയോളജി), ഡോ.ഒയിഷിക (എസ്‌ആര്‍ ഒബിജി), ഡോ. അവിചല തക്‌സക് (എസ്‌ആര്‍ കാര്‍ഡിയാക് റേഡിയോളജി) എന്നിവരാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചത്.
സംഭവം ഇങ്ങനെ: ഇൻട്രാ കാർഡിയാക്ക് റിപ്പയർ (Intracardiac Repair) ശസ്‌ത്രക്രിയ കഴിഞ്ഞ് കുഞ്ഞുമായി ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് (Bengaluru to Delhi) സഞ്ചരിക്കുകയായിരുന്നു വിസ്‌താര എയർലൈൻ ഫ്ലൈറ്റ് യുകെ-814 വിമാനം. എന്നാല്‍ കുഞ്ഞ് അബോധാവസ്ഥയിലാണെന്നറിഞ്ഞതോടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് ഡോക്‌ടര്‍മാര്‍ സമയോചിതമായി ഇടപെടുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ കുഞ്ഞിനെ പരിശോധിച്ചു. എന്നാല്‍ ഈ സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പില്ലായിരുന്നു. മാത്രമല്ല കൈകാലുകള്‍ തണുത്ത നിലയിലുണ്ടായിരുന്ന കുഞ്ഞിന്‍റെ ചുണ്ടുകളും കൈവിരലുകളും മരവിച്ച നിലയിലായിരുന്നു.
ഉടന്‍ തന്നെ പരിമിതമായ സൗകര്യങ്ങളില്‍ ഡോക്‌ടര്‍മാര്‍ കുഞ്ഞിന് സിപിആര്‍ (Cardiopulmonary Resuscitation) നല്‍കി. മാത്രമല്ല പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരുടെ കൂട്ടായ പരിശ്രമത്തില്‍ ശരീരത്തില്‍ മരുന്നെത്തിക്കാനായി കുഞ്ഞിന്‍റെ കൈയില്‍ സിറിഞ്ചും ശ്വസനം ശരിയായി നടക്കുന്നതിനായി ഓറോഫറിൻജിയൽ എയർവേയും ഘടിപ്പിച്ചു. മാത്രമല്ല, ഹൃദയാഘാതത്തിലേക്ക് നീങ്ങിയേക്കാവുന്ന കുട്ടിയെ ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ (AED) നല്‍കി ജീവന്‍ രക്ഷിക്കാനും സംഘത്തിനായി. തുടര്‍ന്ന് കുട്ടിയെ നാഗ്‌പൂരിലെത്തിച്ച് ശിശുരോഗ വിദഗ്‌ധന്‍റെ അടുത്തേക്ക് മാറ്റുകയായിരുന്നു.
കൃത്രിമശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് ഡോക്‌ടര്‍: ഓക്‌സിജന്‍ മെഷീന്‍ പണിമുടക്കിയതോടെ നവജാത ശിശുവിന് വായിലൂടെ കൃത്രിമ ശ്വാസം നല്‍കി ജീവന്‍ നിലനിര്‍ത്തിയ ഡോക്‌ടര്‍ക്ക് അടുത്തിടെ അഭിനന്ദന പ്രവാഹമെത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ എറ്റമദ്‌പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്‌ടര്‍ സുരേഖ ചൗധരിയാണ് സമയോചിതമായ നടപടിയിലൂടെ വൈദ്യശാസ്ത്രത്തിന് അഭിമാനമായത്. സംഭവ ദിവസം ഖുശ്ബു എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവിച്ച് ഏഴ് മിനുട്ട് കഴിഞ്ഞിട്ടും കുഞ്ഞ് കരയാതെ വന്നതോടെ ഡോക്‌ടര്‍മാര്‍ ആശങ്കയിലായി. എന്നാല്‍ കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി തിരിച്ചറിയുകയായിരുന്നു. ഉടന്‍ ഓക്‌സിജന്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലായെന്ന് തിരിച്ചറിഞ്ഞ ഡോക്‌ടര്‍ സമയോചിതമായി ഇടപെടുകയായിരുന്നു.
കുഞ്ഞിന് സ്വന്തം വായിലൂടെ കൃത്രിമ ശ്വാസം നല്‍കി ഡോക്‌ടര്‍ കുട്ടിയെ രക്ഷിക്കുന്ന വീഡിയോ അന്ന് സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിരുന്നു. മുമ്പും ഇത്തരത്തില്‍ കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്നും ഇത് തന്‍റെ വലിയ നേട്ടമായി കാണരുതെന്നും അവര്‍ പ്രതികരിച്ചിരുന്നു.