നാഗ്‌പൂർ: വാടക ഗർഭധാരണത്തിലൂടെ ജനിച്ചു എന്ന് ധരിപ്പിച്ച് നവജാത ശിശുവിനെ ഹൈദരാബാദിലുള്ള ദമ്പതികൾക്ക് ഏഴ് ലക്ഷം രൂപയ്‌ക്ക് വിറ്റ ഡോക്‌ടറും കൂട്ടാളികളും പിടിയിൽ. നാഗ്‌പൂർ സ്വദേശികളായ ഡോ വിലാസ് ഭോയാർ, രാഹുൽ നിംജെ, നരേഷ് റാവത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഹൈദരാബാദിലെത്തി ദമ്പതികളെയും കുഞ്ഞിനെയും കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
പ്രണയബന്ധത്തിലൂടെ ഗർഭിണിയായ നാഗ്‌പൂർ സ്വദേശിയായ ഒരു പെണ്‍കുട്ടി ഗർഭഛിത്രം നടത്തുന്നതിനായി പ്രതിയായ ഡോക്‌ടറെ സന്ദർശിച്ചു. ഇതിനിടെ ഹൈദരാബാദിലുള്ള ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനാൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് വേണമെന്ന് ഇയാൾക്ക് വിവരം ലഭിച്ചു. തുടർന്ന് ഗർഭഛിത്രം ചെയ്യാതിരിക്കാൻ പെണ്‍കുട്ടിക്ക് വലിയൊരു തുക ഇയാൾ വാഗ്‌ദാനം ചെയ്തു.
പെണ്‍കുട്ടി പ്രസവിക്കാൻ തയ്യാറായതിനെ തുടർന്ന് ഡോക്‌ടർ ഹൈദരാബാദിലുള്ള ദമ്പതികളെ ബന്ധപ്പെടുകയും ഒരു സ്‌ത്രീ വാടക ഗർഭപാത്രത്തിന് തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനായി ഏഴ് ലക്ഷം രൂപ ഡോക്‌ടർ ദമ്പതികളിൽ നിന്ന് വാങ്ങി.
ALSO READ: പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിച്ചത് ചതുപ്പിൽ; ഡ്രോൺ ക്യാമറയിൽ പതിഞ്ഞതോടെ പ്രതി പിടിയിൽ
സംശയം ഉണ്ടാകാതിരിക്കാൻ ഇയാൾ ദമ്പതികളെ ചികിത്സിക്കുകയും അവരിൽ നിന്ന് ബീജം ശേഖരിക്കുകയും ചെയ്‌തു. ഇതിനിടെ ജനുവരി 28ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി. തുടർന്ന് പ്രതി നവജാത ശിശുവിന്‍റെ വ്യാജ രേഖകൾ ഉണ്ടാക്കി. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായ ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് ഇയാൾ നൽകി.
ഇതിനിടെ നവജാത ശിശുവിനെ വിൽപ്പന നടത്തി എന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഹൈദരാബാദിലേക്ക് ഒരു സംഘത്തെ അയയ്‌ക്കുകയും ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നാലെയാണ് ഡോക്‌ടറേയും സംഘത്തേയും പിടികൂടിയത്.