നാഗൗർ : രാജസ്ഥാനിൽ മദ്യലഹരിയിൽ വാഹനമോടിച്ച ഡോക്‌ടർ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ ചേനാർ സ്വദേശി ഭൻവർലാൽ മേഘ്‌വാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാഗൗർ സ്വദേശി നജ്‌മയ്‌ക്കും മറ്റൊരു സ്‌ത്രീക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
നാഗൗർ ജില്ലയിലെ ജെഎൽഎൻ ആശുപത്രിയിലെ ഡോക്‌ടർ വൈ എസ് നേഗിയാണ് ആശുപത്രി വളപ്പിൽ വച്ച് മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
ജെഎൽഎൻ ആശുപത്രിയിൽ മെഡിക്കൽ ജൂറിസ്റ്റായി നിയമിക്കപ്പെട്ടതാണ് ഡോ. നേഗി. പാർക്ക് ചെയ്‌തിരുന്ന ആംബുലൻസിനെയും ഇയാള്‍ ഓടിച്ച കാര്‍ ഇടിച്ചു. തുടർന്ന് ഒരു മരത്തിലിടിച്ചാണ് വാഹനം നിർത്തിയത്. അപകടത്തെ തുടർന്ന് ആശുപത്രി പരിസരത്തെ ജീവനക്കാർ ഡോക്‌ടറെ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയതായും അവരുടെ സഹായത്തോടെ ഇയാൾ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
പരിക്കേറ്റ നജ്‌മ ഗർഭിണിയാണ്. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. അതേസമയം ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ആർഎൽപി നേതാവും എംപിയുമായ ഹനുമാൻ ബെനിവാൾ രംഗത്തെത്തി.
ആശുപത്രിയിലെ ഒരു ഡസനോളം ഡോക്‌ടർമാരും മദ്യപിച്ചാണിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും ബെനിവാൾ ആവശ്യപ്പെട്ടു.