ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ സഭയിൽ ഇല്ലാതിരുന്ന പാർലമെന്‍റ് അംഗവും. ഡിഎംകെ എംപി എസ് ആർ പാർത്ഥിബനാണ് (S R Parthiban) അബദ്ധത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടത് (DMK MP Got Suspended From Loksabha by Mistake). തെറ്റ് മനസിലായതിന് പിന്നാലെ തങ്ങൾക്ക് പിശക് പറ്റിയതാണെന്ന വിശദീകരണത്തോടെ സർക്കാർ പാർത്ഥിബന്‍റെ സസ്‌പെൻഷൻ പിൻവലിച്ചു.
അംഗത്തെ തിരിച്ചറിയുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചതായി കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. അതിനാൽ അംഗത്തിന്‍റെ പേര് ഒഴിവാക്കണമെന്ന് സ്‌പീക്കറോട് അഭ്യർത്ഥിച്ചു. നിർദേശം സ്‌പീക്കർ അംഗീകരിച്ചതോടെ സസ്‌പെൻഡ് ചെയ്‌ത ലോക്‌സഭ അംഗങ്ങളുടെ പട്ടികയിൽ നിന്ന് പാർഥിബന്‍റെ പേര് പിൻവലിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. 13 എം.പിമാരെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്‌തിട്ടുള്ളതെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി കൂട്ടിച്ചേർത്തു.
പാർലമെന്‍റ് സുരക്ഷാലംഘനത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് ലോക്‌സഭയിൽ നിന്ന് 13 എംപിമാരും രാജ്യസഭയിൽ നിന്ന് ഒരാളുമാണ് ഇന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ആറുപേർ കേരളത്തിലെ കോൺഗ്രസ് എംപിമാരാണ്.
Also Read: പാർലമെന്‍റ് മന്ദിരത്തിലെ അക്രമം: അറസ്റ്റിലായ നാലുപേരും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
ലോക്‌സഭ എംപിമാരായ ടിഎൻ പ്രതാപൻ, ബെന്നി ബെഹന്നാൻ, വികെ ശ്രീകണ്‌ഠൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കനിമൊഴി, ജ്യോതിമണി, എസ് വെങ്കിടേശൻ, മാണിക്യം ടാഗോർ, മുഹമ്മദ് ജാവേദ്, പിആർ നടരാജൻ, കെ സുബ്രഹ്മണ്യ എന്നിവരും രാജ്യസഭ എംപിയായ ഡെറിക് ഒബ്രയാനുമാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടവർ.