ചെന്നൈ: കള്ളക്കടത്ത് നടത്തിയും അല്ലെങ്കില്‍ ലോട്ടറിയടിച്ചും കോടീശ്വരന്‍മാരാകുന്ന പലരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സത്‌കാര പാര്‍ട്ടി നടത്തി 11 കോടി രൂപ പിരിച്ചിരിക്കുകയാണ് അശോക് കുമാര്‍ എന്ന തമിഴ്‌നാട് എംഎല്‍എ. വെറുമൊരു സത്‌കാര പാര്‍ട്ടി നടത്തി എങ്ങനെ ഇത്രയും തുക പിരിക്കാന്‍ സാധിക്കും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.
തഞ്ചാവൂര്‍ ജില്ലയിലെ പെരവൂരണി നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അശോക് കുമാര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പെരവൂരണി - പട്ടുകോട്ടെ റോഡിലെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ വിരുന്നിന് ഏകദേശം പതിനയ്യായിരത്തോളം ആളുകളെ ക്ഷണിച്ചു. വിരുന്നിന് പങ്കെടുത്തവര്‍ക്കെല്ലാം ആട്ടിറച്ചിയും കോഴിയിറച്ചിയുമൊക്കെ കൂട്ടി വയറുനിറച്ച് ഭക്ഷണം കൊടുത്തു. ക്ഷണിച്ചവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിട്ട് സന്തോഷത്തോടെ മടങ്ങി.
കള്ളപ്പണമെന്ന് ബിജെപി: എന്നാല്‍, കുറച്ചുനാളുകള്‍ക്ക് ശേഷമാണ് ചടങ്ങില്‍ പങ്കെടുത്തവരറിഞ്ഞത് തങ്ങള്‍ ഒരു റെക്കോഡ് പാര്‍ട്ടിയിലാണ് പങ്കെടുത്തതെന്ന്. കാരണം ഇതാദ്യമായാണ് ഒരു വ്യക്തി മാത്രം നടത്തിയ വിരുന്നില്‍ 11 കോടി രൂപ പിരിയുന്നത്. അങ്ങനെയാണെങ്കില്‍ ഉടന്‍ തന്നെ ഒരു പാര്‍ട്ടി നടത്തി ധനികരാകാം എന്ന് പലരും കരുതിയിരുന്നപ്പോഴാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ എംഎല്‍എക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ വരുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള അവസാന പിടിവള്ളിയായാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഇങ്ങനൊരു ചടങ്ങിലാണ് സ്വന്തം പ്രയത്‌നത്തില്‍ നൂറുകണക്കിന് ആടും കോഴിയുമൊക്കെ ഉള്‍പ്പെടുത്തി സമൃദ്ധമായ വിഭവങ്ങള്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള എംഎല്‍എയുടെ പുതിയ കണ്ടുപിടുത്തമാണ് എന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ പറഞ്ഞു.
മിനി റിസര്‍വ് ബാങ്ക് എന്ന പേരും ലഭിച്ചു: എന്നാല്‍ ഇതിനെയൊക്കെ അപേക്ഷിച്ച് ചടങ്ങിനെ കൂടുതല്‍ രസകരമാക്കിയത് പൈസ പിരിക്കുന്ന രീതിയായിരുന്നു. പൈസ പിരിക്കാന്‍ 40 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. 40 കൗണ്ടറുകളിലും ബാങ്ക് ഉദ്യോഗസ്ഥരെയും ഏര്‍പ്പെടുത്തി. കിട്ടുന്ന തുക എല്ലാം സുരക്ഷിതമായി വാങ്ങി എണ്ണി തിട്ടപ്പെടുത്തി ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ചുരുക്കി പറഞ്ഞാല്‍ ചടങ്ങ് ഒരു കൊച്ചു റിസര്‍വ് ബാങ്ക് തന്നെയായിരുന്നു.
ചടങ്ങില്‍ പങ്കെടുത്തവരെല്ലാം 1000 രൂപയില്‍ തുടങ്ങി അഞ്ച് ലക്ഷം രൂപ വരെ നല്‍കിയെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഇത് ചടങ്ങില്‍ പങ്കെടുത്തവര്‍ അറിഞ്ഞോ എന്നറിയില്ല. രണ്ട് ലക്ഷത്തിന് മുകളില്‍ പണം വീട്ടില്‍ വച്ചാല്‍ കുറ്റകരമാണെന്നും ഇന്‍കം ടാക്‌സ് റെയ്‌ഡ് ഉണ്ടാകുമെന്നും കരുതിയാവും സാധാരണക്കാരായ ജനങ്ങള്‍ എംഎല്‍എ സംഘടിപ്പിച്ച ചടങ്ങിന് ലക്ഷങ്ങള്‍ നല്‍കിയത്.
എന്തായാലും കോളടിച്ചത് ഡിഎംകെയുടെ എംഎല്‍എക്കാണ്. ഒറ്റയടിക്ക് രണ്ടല്ല അഞ്ച് മാങ്ങയാണ് കിട്ടിയത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സമൃദ്ധമായ ഭക്ഷണവും കിട്ടി എംഎല്‍എയുടെ കള്ളപ്പണവും ചുളിവില്‍ വെളുപ്പിക്കാനും സാധിച്ചു.
ചരിത്രത്തിലിടം പിടിച്ച പ്രമുഖ ചടങ്ങുകള്‍: ഇത്തരത്തിലുള്ള അപൂര്‍വമായ സംഭവങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. അടുത്തിടെ ഡിഎന്‍എംകെയുടെ പ്രസിഡന്‍റും സ്വയം പ്രഖ്യാപിത യുക്തിവാദിയുമായ കെ. വീരമണി നടത്തിയ തുലാഭാരവും അടുത്തിടെ ഇതുപോലെ തന്നെ ചര്‍ച്ചാവിഷയമായിരുന്നു. വീരമണിയുടെ തൂക്കത്തിന് സമമായി മറു തട്ടില്‍ ഡിഎന്‍എംകെയുടെ നേതാക്കളുടെ കൈവശമുള്ള പണം നല്‍കണമെന്നായിരുന്നു തുലാഭാരത്തിന്‍റെ പ്രധാന ലക്ഷ്യം. പണത്തിന്‍റെ അളവ് വര്‍ധിക്കുന്നതോടൊപ്പം വീരമണി മേലോട്ടും പണമിരിക്കുന്ന തട്ട് താഴോട്ടും വരാന്‍ തുടങ്ങി. എന്നാല്‍ കൂടുതല്‍ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് സഹായികളിലൊരാള്‍ വീരമണിയുടെ തട്ടില്‍ കാല്‍മുട്ട് വച്ച് ബലമായി അമര്‍ത്തുന്ന ദൃശ്യങ്ങള്‍ ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
സ്‌റ്റേജില്‍ വരുന്ന ആളുകള്‍ക്ക് കൈനിറയെ പണം നല്‍കി അയക്കുന്ന ഒരു ചടങ്ങും കഴിഞ്ഞ ഇടക്ക് തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ രസകരമായ സംഭവം എന്തെന്നാല്‍ തങ്ങള്‍ക്ക് ഈ പണം കൊണ്ട് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല എന്ന ഭാവത്തില്‍ സ്‌റ്റേജില്‍ വച്ചിരിക്കുന്ന ബോക്‌സില്‍ പണം നിക്ഷേപിച്ച് കൈയ്യടി വാങ്ങിയവരുമുണ്ട്. എന്തായാലും ഇത്തരം രസകരമായ സംഭവങ്ങളെല്ലാം തമിഴ്‌നാടിനെ അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റാനുള്ള സാധാരണക്കാരായ ജനങ്ങളുടെ ശ്രമമാണെന്ന് കരുതാം.