ന്യൂഡല്‍ഹി : ജില്ല ജഡ്‌ജിമാരെ തെരഞ്ഞെടുക്കുന്നതിനായി കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ചതില്‍ കേരള ഹൈക്കോടതി സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. 2017 മാര്‍ച്ചില്‍ ജില്ല ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിന് വൈവാ വോസിയുടെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ച കേരള ഹൈക്കോടതി നടപടിയെ 'പ്രത്യക്ഷവും ഏകപക്ഷീയവുമായ' നടപടിയെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിമര്‍ശിച്ചത്. 2015 ലെ അറിയിപ്പിന്മേലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കേരളത്തിൽ ജില്ല ജഡ്ജിമാരായി തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന 11 ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പിഎസ് നരസിംഹ, ജസ്‌റ്റിസ് ഹൃഷികേശ് റോയ്, ജസ്‌റ്റിസ് പങ്കജ് മിത്തൽ, ജസ്‌റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
തെറ്റായി പോയി, പക്ഷേ: എഴുത്തുപരീക്ഷയുടെയും വൈവാ വോസിയുടെയും മാര്‍ക്ക് അഗ്രിഗേറ്റ് നിയമനത്തിന് പരിഗണിക്കുമെന്ന് 1961 ലെ കേരള സ്‌റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസസ് സ്‌പെഷ്യൽ റൂൾസ് വ്യവസ്ഥകളില്‍ പറയുന്നത് കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ പരീക്ഷ സ്കീമും റിക്രൂട്ട്മെന്‍റ് വിജ്ഞാപനവും വൈവാ വോസിയ്ക്കായി ഒരു കട്ട്-ഓഫും വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ ഈ പ്രക്രിയ 'അധികാരത്തിന് പുറത്തുള്ളതായി' കണക്കാക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. പക്ഷെ നിയമനം കഴിഞ്ഞ് ആറ് വർഷം പിന്നിട്ടതിനാലും നിയമിതരായ ഉദ്യോഗാർഥികൾ ജുഡീഷ്യൽ പ്രവർത്തനങ്ങളില്‍ ഭാഗമായതിനാലും ഈ തെരഞ്ഞെടുപ്പ് പ്രക്രിയ അസാധുവാക്കുന്നതിൽ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണം ഇങ്ങനെ : കഴിഞ്ഞ ആറ് വർഷമായുള്ള ഇവരുടെ അനുഭവപരിചയവും യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ സേവനവും ജുഡീഷ്യറിക്ക് നഷ്‌ടപ്പെടുത്തുന്ന സാഹചര്യത്തിന് കാരണമാകുമെന്ന് കണ്ടാണിതെന്നും കോടതി അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരാജയപ്പെട്ടത് അവരുടെ യോഗ്യതയുടെ പ്രതിഫലനമായി കണക്കാക്കില്ലെന്നും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇത് അവര്‍ക്ക് തടസമാവില്ലെന്നും ഭരണഘടന ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് പിന്തുണയും നല്‍കി. അതേസമയം നടപടിക്രമങ്ങൾക്കിടയില്‍ നിയമന അധികാരികൾക്ക് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകുമോ എന്ന വിഷയത്തിന് "മത്സരം ആരംഭിച്ചതിന് ശേഷം നിയമങ്ങൾ മാറ്റാനാകുമോ" എന്ന പരാമർശം കൊണ്ടാണ് ഭരണഘടന ബെഞ്ച് മറുപടി നല്‍കിയത്.
കേരള, തെലങ്കാന ചീഫ് ജസ്റ്റിസുമാര്‍ സുപ്രീം കോടതിയിലേക്ക് : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വെങ്കിട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ കൊളീജിയം കഴിഞ്ഞദിവസം ശുപാർശ ചെയ്‌തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടേയും മുതിർന്ന ജഡ്‌ജിമാരുടേയും യോഗ്യത, സമഗ്രത, കഴിവ് എന്നിവ ശ്രദ്ധാപൂർവം വിലയിരുത്തിയ ശേഷമാണ് കൊളീജിയം ഈ രണ്ട് ചീഫ് ജസ്റ്റിസുമാരെയും ശുപാർശ ചെയ്‌തത്. ചീഫ് ജസ്‌റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും കൊളീജിയത്തിലുണ്ട്. മാത്രമല്ല സുപ്രീം കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയമനുസരിച്ച്, നിയമനത്തിന് അർഹരായ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടേയും മുതിർന്ന ജഡ്‌ജിമാരുടേയും പേരുകൾ കൊളീജിയം ചർച്ച ചെയ്യുകയുമുണ്ടായി.