ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിന് ശേഷം കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം വ്യക്തമാകുന്ന രീതിയിലുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും രാഹുല്‍ ചെയ്‌ത കുറ്റം നിലനില്‍ക്കുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. രാഹുല്‍ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റിന് സമാനമായ ട്വീറ്റുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ട്വിറ്റര്‍ ഇതിനെതിരെ കാര്യക്ഷമമായ നടപടികള്‍ എടുക്കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കമ്മിഷന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുരേഷ് മഹദേല്‍ക്കര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ബാലാവകാശ കമ്മിഷന്‍റെ പ്രതികരണം.
പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തതിലൂടെ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി എന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം. ബാലാവകാശ നിയമത്തിന്‍റെയും പോക്‌സോ നിയമത്തിന്‍റെയും ലംഘനമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റ് ഇന്ത്യയില്‍ തടയപ്പെട്ടിട്ടുണ്ടെന്ന് ട്വിറ്റര്‍ കോടതിയെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് നിശ്ചിത സമയത്ത് മരവിപ്പിച്ച കാര്യവും ട്വിറ്ററിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ കോടതി നോട്ടിസ് അയച്ചാല്‍ വിഷയത്തില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് ബാലാവകാശ കമ്മിഷന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ മാത്രമാണ് വിവാദ ട്വീറ്റ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്‌തതെന്ന കാര്യം ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ബാലാവകാശ കമ്മിഷന് ഈ ഘട്ടത്തില്‍ നോട്ടിസ് അയക്കേണ്ട എന്നാണ് ഹൈക്കോടതി തീരുമാനമെടുത്തത്. ഹര്‍ജിക്കാരന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുകയാണ് എന്നത് പരിഗണിച്ച് കേസില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ ഏഴ് വരെ മാറ്റി.