മുംബൈ: രാജ്യത്ത് ഡിജിറ്റൽ കറൻസി (Cryptocurrency) അവതരിപ്പിക്കുന്നതിന് ഗ്രേഡഡ് സമീപനം സ്വീകരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). വിജയ, പരാജയത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തി നടപ്പിലാക്കുന്ന രീതിയാണ് ഈ സമീപനം. ആർ.ബി.ഐയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഘട്ടംഘട്ടമായി ആവും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) അവതരിപ്പിക്കുകയെന്ന് റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ പണ നയം, സാമ്പത്തിക സ്ഥിരത, കറൻസി-പേയ്‌മെന്‍റ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയിലെ പ്രഖ്യാപിത ലക്ഷ്യങ്ങൾ അനുസരിച്ചാണ് സി.ബി.ഡി.സി നടപ്പിലാക്കാന്‍ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ആയിരിക്കും സി.ബി.ഡി.സിയ്‌ക്ക് നല്‍കുകയെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു. അതേസമയം, സ്വകാര്യ ക്രിപ്‌ടോ കറന്‍സിയുടെ കാര്യത്തിലും സർക്കാർ ഗ്രേഡഡ് സമീപനം സ്വീകരിക്കണമെന്ന് ബി.ജെ.ഡി ദേശീയ വക്താവും രാജ്യസഭ എം.പിയുമായ അമർ പട്‌നായിക്. റിസർവ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോർട്ടിനോട് പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.