സങ്കറെഡ്ഡി (തെലങ്കാന): സൗഹൃദത്തിന് അതിരുകളില്ല എന്ന് ആരോ പറഞ്ഞത് സത്യമാണെന്ന് തോന്നും തെലങ്കാനയിലെ കൊങ്കോളിലെ സ്‌കൂളിൽ എട്ടാം ക്ലാസിൽ നടന്ന ഒരു കളിയുടെ ദൃശ്യങ്ങൾ കാണുമ്പോൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വൈദ്യുത ഷോക്കേറ്റ് ഇരു കാലുകളും കൈകളും നഷ്‌ടമായതാണ് എട്ടാം ക്ലാസുകാരനായ മധുകുമാറിന്.
തന്‍റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് അവൻ അന്ന് കരുതി. വിധിയ്ക്ക് കീഴടങ്ങാനിരുന്ന അവനെ സുഹൃത്തുക്കൾ അതിന് സമ്മതിച്ചില്ല. മധുവിന്‍റെ മുഖത്തെ പഴയ പുഞ്ചിരിയും കണ്ണിലെ തിളക്കവുമായിരുന്നു സുഹൃത്തുക്കൾക്ക് വേണ്ടിയിരുന്നത്.
അതിനായി അവര്‍ മധുവിന് കൈകളും കാലുകളുമായി. സ്‌കൂളിൽ ഓരോ ചുവടിനും കരുത്തായി. ഭക്ഷണം വാരിനൽകി, കളികളിൽ ഒപ്പംകൂട്ടി… പയ്യെപയ്യെ മധുകുമാറിന്‍റെ കണ്ണുകളിൽ തിളക്കം തിരികെ വരുന്നത് അവന്‍റെ സഹപാഠികൾ തൊട്ടറിഞ്ഞു. ഇപ്പോൾ വേദനയിലും മധു സന്തോഷിക്കുന്നുവെങ്കിൽ അത് തന്‍റെ സുഹൃത്തുക്കൾ നൽകിയ കരുത്തിലാണ്.
"ഞാൻ ആഗ്രഹിക്കുന്നിടത്തൊക്കെ എന്‍റെ സുഹൃത്തുക്കൾ എന്നെ കൊണ്ടുപോകും. ഭക്ഷണം വാരിനൽകും. സുഹൃത്തുക്കൾക്കൊപ്പമുള്ളപ്പോൾ കുറവുകൾ ഉള്ളതായി തോന്നാറേയില്ല" മധുകുമാർ പറയുന്നു.