സൂറത്ത് (ഗുജറാത്ത്): ദീപാവലി ബോണസായി ജീവനക്കാർക്ക് സ്വർണവും പണവുമെല്ലാം നൽകുന്നത് പുതുമയല്ല. എന്നാൽ ദീപാവലി ബോണസായി 1000 ജീവനക്കാർക്ക് സോളാർ റൂഫ്ടോപ്പ് പാനലുകൾ നൽകി വ്യത്യസ്‌തനാവുകയാണ് സൂറത്തിലെ പ്രമുഖ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയ.
ഡയമണ്ട് ഗ്രാഫ്‌റ്റിങ് ആൻഡ് എക്‌സ്‌പോർട്ട് വ്യവസായത്തിന് പേരുകേട്ട രാമകൃഷ്‌ണ എക്‌സ്പോർട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ജീവനക്കാർക്ക് സോളാർ റൂഫ്ടോപ്പ് പാനലുകൾ നൽകിയത്. ജീവനക്കാരോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനും അവരിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ദീപാവലി ബോണസായി സോളാർ പാനൽ നൽകിയതെന്ന് രാമകൃഷ്‌ണ എക്‌സ്പോർട്ടിങ് കമ്പനി പറയുന്നു.
എല്ലാ വർഷവും ദീപാവലിക്ക് കമ്പനി ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകാറുണ്ടെന്ന് ജീവനക്കാരനായ ആശിഷ് പറയുന്നു. കഴിഞ്ഞ വർഷം ഗ്യാസ് സ്റ്റൗവും ഗ്യാസുമായിരുന്നു സമ്മാനമായി നൽകിയത്. ഈ വർഷം സോളാർ പാനൽ നൽകിയത് പരിസ്ഥിതിക്കും വീടിനും ഗുണകരമാണ്. അടുത്ത 25 വർഷത്തേക്ക് വീട്ടിൽ വൈദ്യുത ചെലവ് ഉണ്ടാകില്ലെന്നും ആശിഷ് പറയുന്നു.
ആഗോളതാപന പ്രതിസന്ധി കാരണമാണ് ഈ വർഷം സോളാർ പാനൽ നൽകാൻ തീരുമാനിച്ചതെന്ന് കമ്പനി ഉടമ ഗോവിന്ദ് ധോലാകിയ പറഞ്ഞു. ആദ്യത്തെ 550 സോളാർ പാനലുകൾ ഇതിനകം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവയുടെ വിതരണം അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. 6000 ജീവനക്കാരിൽ ബോണസിന് അർഹരായ 1000 പേർക്കാണ് സോളാർ പാനൽ സമ്മാനിക്കുന്നതെന്നും ധോലാകിയ പറഞ്ഞു.