പുരി (ഒഡിഷ): പുരി ജഗന്നാഥ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 20 ഭക്തര്‍ക്ക് പരിക്ക്. വെള്ളിയാഴ്‌ച (10.11.2023) പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ പരിക്കേറ്റ ഭക്തരെ ഉടന്‍ തന്നെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അനിഷ്‌ട സംഭവങ്ങള്‍ക്ക് കാരണം ഭക്തരുടെ നിയന്ത്രണാതീതമായ തിരക്കാണെന്ന് ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതി ചീഫ് അഡ്‌മിനിസ്‌ട്രേറ്റര്‍ രഞ്‌ജന്‍ കുമാര്‍ ദാസ് അറിയിച്ചു.
ഹൈന്ദവ കലണ്ടര്‍ പ്രകാരം കാര്‍ത്തിക മാസമായതിനാല്‍ തന്നെ ഭഗവാനെ വണങ്ങാനും അനുഗ്രഹം നേടാനുമായി ധാരാളം ഭക്തര്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ കൂടുതല്‍ പേരും രോഗികളും പ്രായക്കൂടുതലുള്ളവരുമാണ്. ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി മടങ്ങുവാന്‍ കഴിയാവുന്നത്ര സൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും രഞ്‌ജന്‍ കുമാര്‍ ദാസ് പറഞ്ഞു.
അപകടം ഇങ്ങനെ: ക്ഷേത്രത്തില്‍ മംഗള ആരതി കഴിഞ്ഞയുടനെയായിരുന്നു സംഭവം. തിരക്കില്‍പെട്ട് 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം മൂലം ബോധക്ഷയമുണ്ടായതുള്‍പ്പടെ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇവര്‍ക്ക് ക്ഷേത്രത്തില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിക്കേറ്റവരില്‍ ഭൂരിഭാഗവും ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടുവെന്ന് പുരി പൊലീസ് സൂപ്രണ്ട് കെവി സിങ് പറഞ്ഞു. ക്ഷേത്രത്തില്‍ തിരക്കുണ്ടാവുമെന്ന് മനസിലാക്കി ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസുകാരുടെ 15 സംഘത്തെ വിന്യസിച്ചിരുന്നുവെന്നും നിലവിലെ തിരക്ക് പരിഗണിച്ച് ഇവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.